ബർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്‍റർ ആശീർവദിച്ചു
Mail This Article
ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്‍ററിന്‍റെ ആശീർവാദവും , ഉദ്ഘാടനവും ബർമിങ്ഹാമിലെ ഓസ്കോട്ട് ഹില്ലിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നും എത്തിയ മുന്നൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം മാർ റാഫേൽ തട്ടിൽ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ആശീർവാദ കർമ്മം നിർവഹിക്കുയും ചെയ്തത് .
മാർ റാഫേൽ തട്ടിലിന്‍റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആശീർവാദ കർമ്മങ്ങൾ ആരംഭിച്ചത് . മാർ ജോസഫ് സ്രാമ്പിക്കൽ , രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .ബർമിങ്ഹാമിലെ ഓൾഡ് ഓസ്‌കോട്ട് ഹില്ലിൽ 13 , 500 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആസ്ഥാന മന്ദിരംസ്ഥിതി ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് 1.1 മില്യൻ പൗണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ച് പാസ്റ്ററൽ സെന്‍റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കിയത് .
സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെന്‍റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.
1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിങ്ങിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്.
രൂപതാധ്യക്ഷന്‍റെ സ്ഥിരതാമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടനിലെ സിറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്‍ററിന്‍റെ പ്രവർത്തനം.കുട്ടികൾ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്‍റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്‍ററിൽ സൗകര്യമുണ്ടാക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോ സിഞ്ചെല്ലൂസ് റവ ഡോ ആന്‍റണി ചുണ്ടെലിക്കാട്ട് ,പാസ്റ്ററൽ കോഡിനേറ്റർ ഫാ ടോം ഓലിക്കരോട്ട് , ചാൻസിലർ ഡോ മാത്യു പിണക്കാട്ട് , വൈസ് ചാൻസിലർ ഫാ ഫാൻസ്വാ പത്തിൽ ,ഫിനാൻസ് ഓഫിസർ ഫാ ജോ മൂലശ്ശേരി , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .