ADVERTISEMENT

ലണ്ടൻ ∙ ശതകോടീശ്വരനും ഹാരോഡ്സ് മുൻ ഉടമയുമായിരുന്ന മുഹമ്മദ് അൽ ഫെയ്ദിനെതിരേ ലൈംഗീകാതിക്രമവും ബലാത്സംഗവും ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി മുൻ സ്റ്റാഫ് അംഗങ്ങൾ. സെൻട്രൽ ലണ്ടനിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ സ്റ്റാഫ് അംഗങ്ങളാണ് തൊണ്ണൂറ്റിനാലാം വയസ്സിൽ കഴിഞ്ഞവർഷം അന്തരിച്ച മുഹമ്മദ് അൽ ഫെയ്ദിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.

മുഹമ്മദ് അൽ ഫെയ്ദ് തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് അഞ്ച് മുൻ സ്റ്റാഫ് അംഗങ്ങളാണ് ബിബിസിയോട് തുറന്നു പറഞ്ഞത്. ഇവരുൾപ്പെടെ ഇരുപതു സ്ത്രീകളുടെ മൊഴികൾകൂടി തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബിബിസി അവകാശപ്പെടുന്നത്. സ്ഥാപന ഉടമകൂടിയായ മുഹമ്മദ് അൽഫെയ്ദിനെതാരായ ഇത്തരം പരാതികളിന്മേൽ ഇടപെടുന്നതിൽ ഹാരോഡ്സ് പരാജയപ്പെട്ടു എന്നു മാത്രമല്ല, പരാതികൾ മൂടിവയ്ക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്നും പീഡനത്തിന് ഇരയായ സ്ത്രീകൾ വെളിപ്പെടുത്തുന്നു.

ഡയാന രാജകുമാരിയോടൊപ്പം കാറപകടത്തിൽ കൊല്ലപ്പെട്ട കാമുകൻ ദോദി ഫെയ്ദിന്റെ പിതാവാണ് മുഹമ്മദ് അൽ ഫെയ്ദ്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ജനിച്ച് ശീതളപാനീയ കച്ചവടവുമായി നടന്ന ഫെയ്ദ് ഒരു സൗദി ആയുധവ്യാപാരിയുടെ സഹോദരിയെ വിവാഹം കഴിച്ചതോടെയാണ് ബിസിനസ് സമ്രാട്ടായി വളർന്നത്. 1974ലാണ് ഫെയ്ദ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 1985ൽ സെൻട്രൽ ലണ്ടനിലെ ഹാരോഡ്സ് സ്വന്തമാക്കി.

മുഹമ്മദ് അൽ ഫെയദ്. Image Credit: facebook/Mohamed Al-Fayed
മുഹമ്മദ് അൽ ഫെയദ്. Image Credit: facebook/Mohamed Al-Fayed

പിന്നീട് പാരിസിലും ലണ്ടനിലുമായി തന്റെ ഹോട്ടൽ ബിസിനസ് ശൃഖംല പടുത്തുയർത്തിയ ഫെയ്ദ് ടിവി ഷോകളിലും മറ്റും താരമായതോടെ സൂപ്പർസ്റ്റാർ ബിസിനസുകാരനായി വളർന്നു. ഡയാനയുമായുള്ള മകൻ ദോദി ഫെയ്ദിന്റെ പ്രണയം ലോകം മുഴുവൻ ചർച്ചയായതോടെ ഇതിനെ പരസ്യമായി അനുകൂലിച്ചും ഫെയ്ദ് രംഗത്തെത്തി.

ഒരുവേള ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന മുഹമ്മദ് അൽ ഫെയ്ദ്, ദോദിയും ഡയാനയുമായുള്ള അടുപ്പം പുറത്തറിഞ്ഞതോടെ രാജകുടുംബവുമായി അകന്നു. ഡയാനയോടൊപ്പം ദോദിയും കാറപകടത്തിൽ കൊല്ലപ്പെട്ടതോടെ രാജകുടുംബവുമായി നിയമയുദ്ധത്തിനും അദ്ദേഹം തയാറായി. ഈ കാറപകടത്തിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ രാജകുടുംബത്തിന്റേതാണാണെന്നായിരുന്നു മുഹമ്മദ് അൽ ഫെയ്ദിന്റെ ആരോപണം.

ഹാരോഡ്സിൽ നിത്യസന്ദർശകനായിരുന്ന മുഹമ്മദ് അൽ ഫെയ്ദ് തനിക്ക് ഇഷ്ടപ്പെട്ട വനിതാ ജീവനക്കാർക്ക് മുകൾ നിലയിലെ കോർപറേറ്റ്  ഓഫിസിലേക്ക് പ്രമോഷൻ നൽകിയശേഷം പീഡനത്തിന് വിധേയരാക്കി എന്നാണ് ഗുരുതരമായ ആരോപണം. പാർക്ക് ലെയിനിലെ അദ്ദേഹത്തിന്റെ ആഡംബര ഫ്ലാറ്റിൽ വിളിച്ചുവരുത്തിയും വിദേശയാത്രയ്ക്കിടെയുമെല്ലാം മുഹമ്മദ് അൽ ഫെയ്ദ് തന്റെ ജോലിക്കാരായ സ്ത്രീകളെ പീഡിപ്പിച്ചതായാണ് ആരോപണം ഉയരുന്നത്.

English Summary:

Mohamed Al-Fayed has been Accused of Rape by Multiple Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com