കല, കായികവിദ്യാഭ്യാസം ഉൾപ്പെടുത്തി മെട്രിക്കുലേഷൻ പരീക്ഷാ പരിഷ്കരണവുമായി ഫിൻലൻഡ്
Mail This Article
ഹെൽസിങ്കി ∙ ഫിൻലൻഡിലെ ദേശീയ പരീക്ഷയായ മെട്രിക്കുലേഷൻ പരീക്ഷയിൽ കല, സംഗീതം, കായികവിദ്യാഭ്യാസം എന്നിവ പുതിയതായി അവതരിപ്പിക്കാൻ പ്രധാനമന്ത്രി പെറ്റെറി ഓർപോ തയാറെടുക്കുന്നു. പരീക്ഷയിലെ അഞ്ച് നിർബന്ധിത വിഷയങ്ങളിൽ ഒന്നായി കലയും കായികവിദ്യാഭ്യാസവും മാറും.
അപ്പർ - സെക്കൻഡറി വിദ്യാഭ്യാസത്തിൽ കലയുടെയും കായിക വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം വർധിപ്പിക്കുവാനും തുടർ വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് അവരുടെ തിരഞ്ഞെടുത്ത വിഷയങ്ങളിലെ കഴിവുകൾ ഉയർത്തിക്കാട്ടാനും പുതിയ പരിഷ്കരണം ലക്ഷ്യമിടുന്നു. പുതിയ പരീക്ഷാ പരിഷ്കരണം ഇപ്പോഴത്തെ സർക്കാർ അജണ്ടയിൽ വിഭാവനം ചെയ്ത പദ്ധതിയാണ്. ഒക്ടോബറിൽ പാർലമെന്റിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഏകദേശം ഒരു വർഷത്തോളം ഇതിനു ആവശ്യമായ നിയമനിർമാണ ഭേദഗതികൾക്കായി സർക്കാർ പ്രവർത്തിക്കുകയായിരുന്നു.
നിലവിൽ, വിദ്യാർഥികൾക്ക് ഒരു പ്രത്യേക ഡിപ്ലോമ ഉപയോഗിച്ച് കലയിലും കായിക വിദ്യാഭ്യാസത്തിലും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയും, എന്നാൽ തുടർ വിദ്യാഭ്യാസത്തിന് ഇപ്പോഴത്തെ ഡിപ്ലോമക്കു പ്രസക്തിയില്ല. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലെ ഡിപ്ലോമ റദ്ദാക്കിയേക്കും. മറ്റ് വിഷയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കലയുടെ പ്രാധാന്യം കുറയുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്ന പല അധ്യാപകരും ഈ പുതിയ പരിഷ്കരണ നിർദ്ദേശത്തെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
കുട്ടികളിൽ ഈ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുന്നതിന് പുതിയ പാഠ്യപദ്ധതി അവസരമൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ പരിഷ്‌കരിച്ച പാഠ്യപദ്ധതി, 2027-ലെ ശരത്കാലത്തിൽ അപ്പർ-സെക്കൻഡറി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആയിരിക്കും പ്രാബല്യത്തിൽ വരുത്തുന്നത്. പാർലമെന്റ് അംഗീകരിച്ചാൽ ആദ്യ മെട്രിക്കുലേഷൻ പരീക്ഷകൾ 2029-ൽ നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.