ADVERTISEMENT

ലണ്ടൻ∙ മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ കാസർകോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ അനുശോചിച്ചു. കുടുംബസമേതം സ്വകാര്യ സന്ദർശനത്തിന് കഴിഞ്ഞ ദിവസം ലണ്ടനിൽ എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ മനോരമ ഓൺലൈനോട് പറഞ്ഞു. കെ.പി കുഞ്ഞിക്കണ്ണന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട നൽകുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നപ്പോൾ കമ്മിറ്റിയിലെ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി തന്നോടൊപ്പം പ്രവർത്തിച്ച കുഞ്ഞിക്കണ്ണൻ സഹോദര തുല്യനായ സ്നേഹിതനായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉദുമ നിയോജകമണ്ഡലത്തിലെ എംഎൽഎ ആയും കാസർകോഡ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയും മികച്ച പൊതു പ്രവർത്തകനായിരുന്ന കെപി കുഞ്ഞിക്കണ്ണൻ വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ  ആയിരിക്കുന്നതിന് മുൻപ് വരെയും സജീവ സാന്നിദ്ധ്യമായ പൊതുപ്രവർത്തനം കൊണ്ട് കാസറഗോഡ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും ഓടി എത്തുന്ന കെപി കുഞ്ഞിക്കണ്ണന്റെ വേർപാട് കാസർകോഡിന്റെ പൊതു മണ്ഡലത്തിന് തീരാ നഷ്ട്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

ഈ മാസം 4ന് നീലേശ്വരം കരുവാച്ചേരിയിലുണ്ടായ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന കെ. പി കുഞ്ഞിക്കണ്ണനെ 16 നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കൃത പണ്ഡിതൻ ആനിടിൽ കിഴക്കിനകത്ത് കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനായി 1949 സെപ്റ്റംബർ 9 ന് കൈതപ്രത്ത് ജനിച്ച കെ.പി കുഞ്ഞിക്കണ്ണനെ ലീഡർ കെ.കരുണാകരനാണ് കോൺഗ്രസിലേക്ക് കൈപിടിച്ചുയർത്തിയത്. 1977 ൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായി. 1980 ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1987 ൽ ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 91 ലും മത്സരിച്ചു. കാസർകോട് ഡിസിസി പ്രസിഡന്റായും സംഘടനാ ചുമതലയിലുൾപ്പെടെ ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ സംഘടനയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ യുവജന പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട് റഷ്യൻ പര്യടനം നടത്തിയിരുന്നു. കേരഫെഡ് ചെയർമാൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയറക്‌ടർ, വൈദ്യുതി ബോർഡ് അംഗം, പയ്യന്നൂർ കോളജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പറക്കളായി പി.എൻ. പണിക്കർ സഹകരണ ആയുർവേദ മെഡിക്കൽ കോളജ് ചെയർമാൻ എന്നീ നിലകളിലും നിരവധി സഹകരണ സ്‌ഥാപനങ്ങളുടെ സ്‌ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

നാഷനൽ ഖാദി വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ്, കിംകോ പ്രസിഡന്റ്, കെ.കരുണാകരൻ സ്മാരക സമിതി ട്രഷറർ, വി.എൻ.എരിപുരം സ്‌മാരക സമിതി പ്രസിഡന്റ എന്നീ സ്‌ഥാനങ്ങൾ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: കെ സുശീല (റിട്ട പ്രധാനാധ്യാപിക, കാറമേൽ എഎൽപി സ്‌കൂൾ). മക്കൾ: കെ.പി.കെ തിലകൻ (പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി), കെ.പി.കെ തുളസി. മരുമക്കൾ: പ്രദീഷ്, അഡ്വ. വീണ എസ് നായർ ( തിരുവനന്തപുരം, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ). സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ.

English Summary:

MP Rajmohan Unnithan has condoled the demise of former MLA KP Kunjikannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com