ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടിഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു
Mail This Article
ലണ്ടൻ ∙ നിതംബ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടിഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു. ആലീസ് വെബ് (34) ആണ് ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചത്. ബ്രിട്ടനിൽ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ആലീസ് വെബ്.
മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും, രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗ്ലോസെസ്റ്റർഷയർ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശസ്ത്രക്രിയ നടത്തിയ സർജന്മാരിൽ ഒരാളാണ് അറസ്റ്റിൽ ആയതെന്നാണ് റിപ്പോർട്ടുകൾ.
ഗ്ലോസെസ്റ്റർഷയറിലെ ക്രിസ്റ്റൽ ക്ലിയർ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന എസ്തെറ്റിക് പ്രാക്ടീഷണറായിരുന്നു (സൗന്ദര്യശാസ്ത്ര പരിശീലക) ആലീസ് വെബ്. തുർക്കി, മെക്‌സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പ്രക്രിയകൾക്ക് ചെലവ് കുറവായതിനാൽ അവിടെ പോയി നിരവധി ബ്രിട്ടിഷ് വനിതകളാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അവരിൽ പലരും മരണത്തിന് കീഴടങ്ങുന്നത് പുറത്തറിയാത്ത സ്ഥിതി ഉണ്ടെന്നും ഇത്തരം ശസ്ത്രക്രിയകൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.