വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം ഉജ്വലമായി
Mail This Article
ലണ്ടൻ ∙ സെപ്റ്റംബർ 28ന് വൈകുന്നേരം നാലുമണിക്ക് (15:00 UK, 19:30 Indian time) വെർച്ചൽ പ്ളാറ്റ് ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കന്മാരിലൊരാളും ഗ്ളോബൽ ചെയർമാനുമായ ഗോപാലൻപിള്ള ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല, കണ്ണൂർ യൂണിവേഴ്സിറ്റി, കലാമണ്ഡലം യൂണിവേഴ്സിറ്റി എന്നീ യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ ആയി സേവനം ചെയ്തിട്ടുള്ള ഡോ. ദിലീബ് കുമാർ ആയിരുന്നു മുഖ്യാതിഥിയും, മുഖ്യപ്രഭാഷകനും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായിയും, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലും എല്ലാവർക്കും ഓണാശംസകൾ നേർന്നു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് ഡോ. പി. എം. നായർ ഐപിഎസ്, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൺ തലശല്ലൂർ, എൻ.ആർ.കെ. പ്രസിഡന്റ് അബ്ദുൾ ഹാക്കിം, നോർത്ത് ടെക്സാസ് പ്രൊവിൻസ് ചെയർപേഴ്സൻ ആൻസി തലശല്ലൂർ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു.
സംഗീതാധ്യാപകനായ അജയ് കുമാറിന്റെ ഈശ്വരപ്രാർത്ഥനയോടെയാണ് ഓണാഘോഷം തുടങ്ങിയത്. തുടർന്ന് രാജു കുന്നക്കാട്ട്, ഷൈബു ജോസഫ്, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഐർലണ്ടു പ്രൊവിൻസിൽ നിന്നുള്ള ചെണ്ടമേളവും മഹാബലിയുടെ വേഷമണിഞ്ഞെത്തിയ യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടിയും വേദിയിൽ നിറഞ്ഞുനിന്നപ്പോൾ എല്ലാവർക്കും ഹൃദ്യവും ആവേശകരവുമായ കാഴ്ചകളായി അതുമാറി.
കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾ കൊണ്ടും ചുവടുകൾ കൊണ്ടും അമേരിക്കയിലെ നോർത്തു ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള റാണി ബിജു, രാജി ബിജു, നീന മാത്യു, സോണിയ പോൾ, സ്മിത ജോൺ, സ്മിത ജോസഫ്, അനിത തോമസ്, ജൂലിയറ്റ് ജോസഫ് എന്നീ നർത്തകിമാർ ചേർന്നവതരിപ്പിച്ച തിരുവാതിരയും കാണികളെ ഓണനാളുകളിലേക്കു കൊണ്ടുവന്നു. ചടുലമായ ചുവടുകളുടെ വിന്യാസത്തിൽ ഭാവ, താള, ലയങ്ങളിൽ നൃത്തവേദിയൊരുക്കിയ അയർലണ്ടിൽ നിന്നുള്ള നർത്തകിമാരായ ഗ്രെയിസ് മറിയ, മിഷൽ റിന്റോ, ഏവലിൻ ആബി, ജെയിംജോസ്, എവറോസ് ജോസ് എന്നിവരുടെ നൃത്തങ്ങൾ ഹൃദ്യമായിരുന്നു.
സംഗീതത്തിന്റെ താളമർമരങ്ങളെ തൊട്ടുണർത്തി, പശ്ചാത്തല സംഗീതത്തിന്റെ ഭാവധാരകൾ അനുഭവവേദ്യമാക്കി അമേരിക്കയിലെ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും പ്രസിദ്ധ അമേരിക്കൻ ഗായകരായ ജോൺസൻ തലശല്ലൂർ, ആൻസി തലശല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ സജേഴ്സ് അഗസ്റ്റിൻ, ജോപ്പൻ ആലുക്കൽ, ലിജി സോയി, റാണി റോബിൻ, അമ്പിളി ലിസ ടോം, സ്മിത ഷാൻ മാത്യു എന്നിവർ ചേർന്നാലപിച്ച ഗാനങ്ങൾ സംഗീതപെരുമഴയായി മാറി.
ഇന്ത്യാറീജിയണിൽ നിന്നുള്ള സംഗീതധ്യാപകനും മികച്ച ഗായകനുമായ അജയ് കുമാറിന്റെ പൂവേ പൂവേ എന്ന ഗാനം ശ്രോതാക്കളെ സംഗീതത്തിന്റെ അനന്തവിസ്മൃതിയിലേക്ക് നയിക്കുന്നതായിരുന്നു പ്രസിദ്ധ എഴുത്തുകാരനും കഥാകൃത്തും വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ വൈസ് പ്രസിഡന്റുമായ സേതുമാധവൻ അവതരിപ്പിച്ച ഓണവിചാരം എന്ന ചെറുകഥയും, പ്രൊഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ വലിയമംഗലം ഓണത്തെക്കുറിച്ചു ആലപിച്ച കവിതയും ഹൃദ്യവും ചിന്താദീപ്തവുമായിരുന്നു.
മികച്ച പ്രാസംഗികയും ഡാൻസുകാരിയും കലാകാരിയും ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിനിയുമായ അന്ന ടോമും വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലും ചേർന്നാണ് ഈ കലാസാംസ്കാരിക വിരുന്ന് കൂടുതൽ ആസ്വാദ്യകരമാക്കി പകർന്നുതന്നത്. കമ്പ്യൂട്ടർ എൻജിനീയർ നിതീഷ് ഡേവീസാണ് ടെക്നിക്കൽ സപ്പോർട്ട് നൽകി ഓണാഘോഷത്തെ കൂടുതൽ മികവുറ്റതാക്കിയത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, ട്രഷറർ ശശി കുമാർ നായർ, യൂത്ത് ഫോം പ്രസിഡന്റ് ക്രിഷ്ണകിരൻ കിഷാൻ, ഡോ. അജിൽ അബ്ദുള്ള, ഡോ. ജോർജ് കാളിയാടൻ, ഡെയിൽ എന്നിവരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 26–ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് (UK time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. അടുത്ത സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകർ പങ്കെടുക്കുന്ന ചർച്ചകൾ ഉണ്ടായിരിക്കും.
പ്രവാസികളുടെ നാട്ടിലുള്ള സ്വത്ത് സംരക്ഷണം, ബിസിനസ്സ് സംരംഭങ്ങൾ, OCI, PIO കാർഡ് പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളായിരിക്കും ചർച്ച നടത്തുക. ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.