യുകെയിൽ ഗർഭിണിയായ മലയാളി യുവതിക്ക് കാർ ഇടിച്ച് പരുക്ക്; കാറിനായി പൊലീസ് തിരച്ചിൽ
Mail This Article
ലങ്കാഷെയർ ∙ യുകെയിൽ ഗര്‍ഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. വയനാട് സ്വദേശിനിയായ രഞ്ജു ജോസഫ് (30) ആണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലങ്കാഷെയറിന് സമീപം ബാംബർ ബ്രിഡ്ജിൽ വച്ച് ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ രഞ്ജു ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.
രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്‌സിങ് ഹോമില്‍ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകട സമയത്ത് സഹപ്രവർത്തകർ ഒപ്പം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സീബ്രാ ലൈനില്‍ വച്ചാണ് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി.
തലയിലും വയറിലും ഗുരുതരമായ പരുക്കുകളേറ്റ രഞ്ജുവിനെ അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. FY62 MXC റജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് ലങ്കാഷെയർ പൊലീസ് അറിയിച്ചു. വാഹനം ഇതുവരെയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലന്നും അപകടവുമായി ബന്ധപ്പെട്ട് ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് പതിനാറും പതിനേഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായയും പൊലീസ് അറിയിച്ചു.
അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം എന്നാണ് പൊലീസ് അഭ്യർഥന. വിവരങ്ങൾ 101 എന്ന നമ്പറിൽ വിളിച്ച് സെപ്റ്റംബർ 29 ലെ ലോഗ് 1163 എന്ന റഫറൻസിൽ വിളിച്ചു പറയുകയോ SCIU@lancashire.police.uk ലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം. വിളിക്കുന്ന ആളിന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്സുമായി 0800 555 111 എന്ന നമ്പരിലോ crimestoppers.org ൽ ഓൺലൈൻ വഴിയോ ബന്ധപ്പെടാമെന്നും ലങ്കാഷെയർ പൊലീസ് അറിയിച്ചു.