ഡബ്ല്യുഎംസിയുടെ ഇന്റർനാഷനൽ വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 5ന്
Mail This Article
സൂറിക് ∙ വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി, സ്വിസ് പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ അഞ്ചിന് രാവിലെ 9.30 മുതൽ റാഫ്സിലുള്ള സ്പോർട്സ് ഹാളിലാണ് മത്സരങ്ങൾ. ജേതാക്കൾക്ക് 2500 യൂറോയുടെ ക്യാഷ് അവാർഡും, ട്രോഫിയും മെഡലുകളും സമ്മാനിക്കും.
റണ്ണേഴ്സിനും, ലൂസേഴ്‌സ് ഫൈനൽ വിജയികൾക്കും, യഥാക്രമം 1500 യൂറോയും, 750 യൂറോയും, ട്രോഫിയും മെഡലുകളുമാണ് സമ്മാനമായി ലഭിക്കുക. കേരളത്തിൽ നിന്നും, സ്വിറ്റസർലൻഡിൽ നിന്നുമുള്ള ടീമുകൾക്ക് പുറമേ, ലിവർപൂൾ, മാൾട്ട, ബെർമിങ്ഹാം, അയർലൻഡ്, വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളും ടുർണമെന്റിൽ പങ്കെടുക്കും.
ഇന്റർനാഷനൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്, പൂർണമായും സ്വിസ്സ് ദേശിയ വോളിബോൾ ഫെഡറേഷനായ 'സ്വിസ്സ് വോളി' യുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലുമാണ് നടത്തപ്പെടുന്നത്. സെമിഫൈനൽ മുതലുള്ള മത്സരങ്ങൾ നിയന്ത്രിക്കുന്നത് 'സ്വിസ്സ് വോളിയുടെ' ലൈസൻസുള്ള റഫറിമാരാണ്. 'സ്വിസ്സ് വോളി' ലോഗോ ഉപയോഗിക്കാനും ടൂർണമെന്റിന് അനുവാദം ലഭിച്ചിട്ടുണ്ട്.
ടുർണമെന്റിന്റെ സമാപനച്ചടങ്ങുകളോട് അനുബന്ധിച്ചു എഡ്വിൻ പറയമ്പള്ളിൽ ഒരുക്കുന്ന ഡിജെ പാർട്ടിയും, ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസ് ഭാരവാഹികളായ ജിമ്മി കൊരട്ടിക്കാട്ട് തറയിൽ, ജോബിൻസൺ കൊറ്റത്തിൽ, ജിനു കളങ്ങര, ജോഷി താഴത്തു കുന്നേൽ എന്നിവർ അറിയിച്ചു.
കാണികൾക്കായി സ്വാദിഷ്ടമായ ലഘുഭക്ഷണവും, ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്. പ്രവേശനം സൗജന്യമായ ടുർണമെന്റിന്, ബിനു കാരക്കാട്ട്, അനീഷ് മുണ്ടിയാനി എന്നിവരാണ് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന ടുർണമെന്റിലേക്ക്, കാണികളെ ഡബ്ല്യൂഎംസി ഭാരവാഹികൾ സ്വാഗതം ചെയ്തു.