ന്യൂകാസിലിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും
Mail This Article
ന്യൂകാസിൽ ∙ ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും.
സെപ്റ്റംബർ 29ന് മിഷൻ ഡയറക്ടർ റവ.ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ നടത്തിയ കൊടിയേറ്റ് കർമത്തോടെ ആരംഭിച്ച തിരുനാൾ കർമങ്ങളിൽ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർഥനയും നടന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന പൂർവിക സ്മരണ തിരുക്കർമങ്ങൾക്ക് ഫാ. ബിനോയി മണ്ഡപത്തിൽ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ നടക്കുന്ന ആഘോഷമായ തിരുനാൾ കർമങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത കാറ്റിക്കിസം അസി ഡയറക്ടർ റവ.ഫാ. ജോബിൻ പെരുമ്പളത്തുശേരി കാർമികത്വം വഹിക്കും, വിശുദ്ധ കുർബാനക്ക് ശേഷം, ലദീഞ്ഞ് തുടർന്ന് സിറോ മലബാർ സഭയുടെ പരമ്പരാഗതമായ രീതിയിൽ ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ റവ.ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ, കൈക്കാരന്മാരായ ഷിബു മാത്യു എട്ടുകാട്ടിൽ, ഷിൻടോ ജെയിംസ് ജീരകത്തിൽ എന്നിവർ അറിയിച്ചു.