വിമാനയാത്രയ്ക്കിടെ അടിപിടി; ഈസി ജെറ്റ് വിമാനം അടിയന്തരമായി ഏഥൻസിൽ ഇറക്കി
Mail This Article
ഏഥൻസ് ∙ തുർക്കിയിൽ നിന്ന് ലണ്ടനിലെ ഗാട്ട്‌വിക്ക് ലക്ഷ്യമാക്കി പറന്ന ഈസി ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ ബഹളം വച്ചതിനെത്തുടർന്ന് ഏഥൻസിൽ അടിയന്തരമായി ഇറക്കി. ഷർട്ട് ധരിക്കാത്ത യാത്രക്കാരൻ സഹയാത്രികനുമായി വഴക്കിട്ടു. ഇതേത്തുടർന്ന് ക്യാപ്റ്റൻ ശാന്തരാകാൻ കർശന മുന്നറിയിപ്പ് നൽകി. പ്രശ്നക്കാരൻ മുന്നറിയിപ്പ് അവഗണിച്ചതോടെ സഹയാത്രക്കാരും കാബിൻക്രൂവും ഇടപ്പെട്ടു.
കാബിൻക്രൂവിന്റെയും സഹയാത്രികരുടെയും ശ്രമം ഫലംകണ്ടില്ല. പ്രശ്‌നക്കാരനായ യാത്രക്കാരനെ വസ്ത്രംധരിപ്പിച്ച് വിമാനത്തിൽ നിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും, അയാൾ മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത് തുടർന്നു. തർക്കത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. മദ്യപിച്ച് ബഹളം വച്ചതിനാൽ തുർക്കിയിൽ നിന്നുള്ള വിമാനം ഏഥൻസിലേക്ക് വഴിതിരിച്ചുവിട്ടതായി വിഡിയോ വ്യക്തമാക്കുന്നു.
ഏഥൻസിൽ ഇറക്കിയ വിമാനത്തിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലൈറ്റിലെ മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായി ഈസി ജെറ്റ് അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ഗൗരവത്തോടെ കാണുന്നതായും അധികൃതര്‍ വ്യക്തമാക്കി.