അമിതവണ്ണം കുറയ്ക്കാൻ സൗജന്യ മരുന്നുമായി യുകെ സർക്കാർ; പാർശ്വഫലങ്ങളില്ല, പ്രവർത്തനം ഇങ്ങനെ!
Mail This Article
ലണ്ടൻ ∙ കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിതവണ്ണം കുറയ്ക്കാന്‍ മരുന്നുകൾ സൗജന്യമായി നല്‍കാൻ ഒരുങ്ങി യുകെ സർക്കാർ. ആരോഗ്യവാന്മാരായ പൊതു ജനങ്ങൾക്ക് വേണ്ടി രണ്ടും കല്‍പിച്ചാണ് സർക്കാർ രംഗത്തുള്ളത്. യുകെയില്‍ അമിത വണ്ണമുള്ളവരുടെ എണ്ണമേറുമ്പോള്‍ അത് സര്‍ക്കാരിനും ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊര്‍ജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ അമിതവണ്ണത്തിനെതിരെ പോരാടുകയാണ്. ബോധവത്ക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ലന്നും സർക്കാർ വിലയിരുത്തുന്നു.
എൻഎച്ച്എസ് മേൽനോട്ടത്തിൽ ജിപിമാർ വഴി ഒസെമ്പിക് അല്ലെങ്കില്‍ മൗജൗരോ മരുന്ന് നല്‍കി അമിതവണ്ണത്തിന് പ്രതിരോധം തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇത്തരത്തിൽ പൊതു ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാല്‍ പ്രതിവര്‍ഷം 74 ബില്യൻ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ശരീരത്തിലെ 26% കൊഴുപ്പും എരിച്ചു കളയാന്‍ ഇത്തരത്തിൽ ചില മരുന്നുകൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ദഹന പ്രക്രിയ ശരിയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയുമാണ് ഇത്തരം മരുന്നുകള്‍ ചെയ്യുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ കുത്തിവയ്പ്പിലൂടെയാണ് ഒസെമ്പിക് ഉപയോഗിക്കുന്നത്. വിശപ്പു കുറയുന്നതോടെ ശരീരം ആഹാരം എടുക്കുന്നത് കുറയ്ക്കുകയും വണ്ണം കുറയുകയും ചെയ്യും. പാര്‍ശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗജന്യമായി മരുന്ന് നല്‍കുന്നത് വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് ആരോഗ്യമുള്ള തലമുറവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് അനിവാര്യമാണ് എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.