ഒരുമ അസോസിയേഷന്റെ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്ക്
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ പുതിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം അസോസിയേഷന്‍ പ്രസിഡന്റ് എ.എസ്. സുദീപ് ല്‍ നിന്നും പ്രവാസിഓണ്‍ലൈന്‍ മുഖ്യപത്രാധിപരും ജര്‍മനിയിലെ സമൂഹ്യസംഘടനാ പ്രവത്തനത്തില്‍ നിറസാന്നിദ്ധ്യവുമായ ജോസ് കുമ്പിളുവേലില്‍ ഏറ്റുവാങ്ങി.
ഡൂയീസ്ബുര്‍ഗ്, വാല്‍സും അല്‍ഡെന്‍റാഡെ സെന്റ് ജോസഫ് ദേവാലയ ഹാളില്‍ അസോസിയേഷന്റെ "ആരവം" 2024 എന്ന ഓണാഘോഷ വേളയിലാണ് പുരസ്ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ നാടകകൃത്തും സംഘടനാ പ്രവര്‍ത്തകനുമായ ആന്റണി പാലത്തിങ്കല്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ എ.എസ്. സുദീപ് സ്വാഗതം ആശംസിച്ചു. ഗോപീകൃഷ്ണന്‍ ജോസ് കുമ്പിളുവേലിയെ സദസിനു പരിചയപ്പെടുത്തി. ജോസ്കുട്ടി സനല്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ 24 വര്‍ഷമായി ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച ജോസ് കുമ്പിളുവേലില്‍ കേരളത്തിലെ മുഖ്യധാരാപത്രങ്ങളിലും ചാനലുകളിലും ഫ്രീലാന്‍സറും, സംഗീതരംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു ഗാനരചയിതാവുമാണ്. നാലാം ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗമാണ്.
ജര്‍മനിയിലെ രജിസ്റേറര്‍ഡ് സംഘടനയായ ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായുള്ള കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും, ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യസംഭാവനകള്‍ നല്‍കിയതിന് കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ 2023 ലെ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.