ജർമനിയിൽ ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം, മലയാളികൾക്കും സാധ്യത; വിദഗ്ധരെ തേടി ജര്‍മന്‍ തൊഴില്‍ മന്ത്രി ഇന്ത്യയിലേക്ക്
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാൻ ജർമനി. ഇതിനായി ഇന്ത്യക്കാരെ കൂടുതലായി ജര്‍മനിയിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ വലിയ തോതില്‍ റിക്രൂട്ട് ചെയ്യാനും അതുവഴി വർധിച്ചുവരുന്ന ജര്‍മനിയിലെ നൈപുണ്യ വിടവ് ഗണ്യമായി കുറയ്ക്കാനുമാണ് ജർമനി ആഗ്രഹിക്കുന്നത്. ജർമനി ഇന്ത്യയ്ക്കായി പ്രത്യേക വിദഗ്ധ തൊഴിലാളി തന്ത്രം തീരുമാനിച്ചു.
30 ലധികം നടപടികളോടെ, ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ കുറച്ച് ഇന്ത്യക്കാർക്ക് ജർമൻ വീസ നല്‍കും. ജർമനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം എളുപ്പമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നടപടി. ജര്‍മ്മനിയില്‍, വിദഗ്ധ തൊഴിലാളികളുടെ കുറവ് വളര്‍ച്ചയ്ക്കും പുരോഗതിക്കും തടസ്സമാകുമെന്ന ഭീഷണി ഉയര്‍ന്നതിനാലാണ് നടപടി. ഇന്ത്യയില്‍, ഓരോ മാസവും ഒരു ദശലക്ഷം ആളുകള്‍ അധികമായി തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കാര്‍ തൊഴില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍, ജർമനി ഇന്ത്യയെ പ്രധാന പങ്കാളിയായി ചേര്‍ത്തിരിക്കുകയാണ്. വിദേശകാര്യ ഓഫിസ് ഇന്ത്യക്കാരുടെ വീസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഹെയ്ല്‍ വിശദീകരിച്ചു. വിദഗ്ധ തൊഴിലാളികളെ വീസയ്ക്കായി കാത്തുനില്‍ക്കാൻ അനുവദിക്കില്ല. പകരം നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. ജർമന്‍ ഭാഷയും പഠിപ്പിക്കും.
ഇന്ത്യന്‍ അംബാസഡറോടൊപ്പമാണ് ജർമന്‍ തൊഴില്‍ മന്ത്രി നിയമങ്ങള്‍ വിശദീകരിച്ചത്. 1.4 ബില്യൻ ആളുകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. പലരും യുവാക്കളാണ്, അവര്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നുണ്ട്. ജർമനിക്ക് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. 'ജർമന്‍ ഭാഷ ഇംഗ്ലിഷിന്റെയത്ര വ്യാപകമല്ല. തെക്കന്‍ കാലാവസ്ഥ പോലെയല്ല ഇവിടുത്തെ കാലാവസ്ഥ. എന്നാല്‍ ജര്‍മനി ഒരു സ്ഥിരതയുള്ള രാജ്യമാണ്. ഇവിടം സാമൂഹിക സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്നു. മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു.
ഇന്ത്യൻ യുവാക്കളെ ജർമനിയിലേയ്ക്ക് ആകർഷിക്കാൻ തൊഴില്‍ മന്ത്രി ഹെയ്ല്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തയാറെടുക്കുകയാണ്. സംഘത്തില്‍ മന്ത്രിയെ കൂടാതെ മറ്റു വകുപ്പു മേധാവികളുമുണ്ട്. കഴിഞ്ഞ നവംബറില്‍ മന്ത്രി ഇന്ത്യയിലെത്തിയപ്പോള്‍ കേരളത്തിലെത്തി നോര്‍ക്കയുമായി ചര്‍ച്ച നടത്തിയിരുന്നു.