സഭൈക്യ ബന്ധവും ഇതര മതങ്ങളുമായി സംഭാഷണങ്ങളും കത്തോലിക്കാ സഭ ശക്തമാക്കണം: ക്ലീമീസ് കാതോലിക്കാ ബാവാ
Mail This Article
വത്തിക്കാൻസിറ്റി ∙ സഹോദരി സഭകളുമായി സഭൈക്യ ബന്ധവും ഇതര മതങ്ങളുമായി സംഭാഷണങ്ങളും കത്തോലിക്കാ സഭ ശക്തമാക്കണമെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ റോമിൽ നടക്കുന്ന സിനഡിൽ നിർദേശിച്ചു. ഇന്നു രാവിലെ ഒൻപതിന് നടന്ന പൊതുസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിലാണ് കേരള കത്തോലിക്കാ മെത്രാൻ സമിതി(കെസിബിസി) അധ്യക്ഷൻ കൂടിയായ ക്ലീമീസ് ബാവാ ഈ വിഷയം ഉന്നയിച്ചത്.
സഹോദരി സഭകളുമായി ഇതിനോടകം കൈവരിച്ച സഭൈക്യ ബന്ധങ്ങളും ഇടപെടലുകളും കത്തോലിക്കാ സഭയുടെ പഠനത്തിന്റെയും സമീപനങ്ങളുടെയും അന്തസത്തയുടെ ഭാഗമാണ്. ഏവരെയും ഉൾക്കൊള്ളുന്ന ഈ ആത്മീയത സഭയുടെ തുടർ സമീപനമാകണം. ഇതര മതങ്ങളുമായുള്ള സംഭാഷണങ്ങളും വർധിക്കണം. അതുവഴി ദൈവം ജീവിക്കുന്ന അനുഭവമായി ഈ കാലഘട്ടത്തിൽ സാക്ഷ്യപ്പെടുത്താനും കഴിയണമെന്ന് ക്ലീമീസ് ബാവാ സിനഡിലെ പൊതുയോഗത്തിൽ ചൂണ്ടിക്കാട്ടി.