യുകെയില്‍ ആദ്യമായി ലോഞ്ച് ചെയ്ത മലയാള സിനിമ; എആര്‍എമ്മിനു പിന്നിലെ കഥപറയാൻ ജിതിന് ലാല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍
Mail This Article
മാഞ്ചസ്റ്റര്‍ ∙ സിനിമ പഠിക്കാതെ സിനിമ പിടിക്കാനിറങ്ങിയ തനിക്ക് മാഞ്ചസ്റ്റര്‍ പോലെ ഒരു യൂണിവേഴ്സിറ്റിയില്‍ ശില്പശാലയില് പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് സംവിധായകന് ജിതിന് ലാല്‍. ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് യുകെയില്‍ നടത്തിയതുണ്ടാക്കിയ നേട്ടങ്ങള്‍ക്കു പിന്നാലെയാണ് വിദ്യാര്‍ഥികളോടു സംവദിക്കാന്‍ അവസരം ലഭിക്കുന്നതും യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ എത്തുന്നതും. മലയാളികളും അല്ലാത്തവരുമായ ഇന്ത്യക്കാര്‍ക്കു പുറമേ ഏതാനും ഇംഗ്ലിഷ് സിനിമാ പ്രേമികളും എആര്‍എമ്മിന്റെ പിന്നിലെ കഥ കേള്‍ക്കാന്‍ എത്തിയിരുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നു ജിതിന് പറയുന്നു.
അവസ്ഥ കൊണ്ടു നാടു വിടേണ്ടി വന്നവര്‍, ഇപ്പോഴും സ്വന്തം ഇഷ്ടങ്ങള്‍ക്കു പിന്നാലെ പോകാന്‍ അവസരം കിട്ടുമ്പോള്‍ ഓടിയെത്തുന്നതു കാണുമ്പോള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വന്തം പിതാവിന്റെ സംസ്കാരത്തിനു നാട്ടില്‍ പോയി ശില്പശാലയില് പങ്കെടുക്കാനായി എത്രയും പെട്ടെന്നു മടങ്ങി വന്നവരും കിലോമീറ്ററുകള്‍ യാത്ര ചെയ്തു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരും എല്ലാം എവിടെയായിരുന്നാലും മലയാളിയുടെ സിനിമയോടുള്ള താല്പര്യത്തിന്റെ പ്രതിഫലനമാണ്.
പരമ്പരാഗത സിനിമാ നിര്‍മാണത്തില്‍ നിന്നു മാറിയുള്ള ഒരു സൃഷ്ടി എന്ന നിലയില്‍ കൂടി അംഗീകരിക്കപ്പെട്ട ചിത്രമായിരുന്നു എആര്‍എം. അതുകൊണ്ടു തന്നെ അതിന്റെ നിര്‍മാണത്തിനു പിന്നിലെ കഥകള്‍ കേള്‍ക്കാനും വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് എത്തിയത്. ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറായ, മിഡല്‍ക്ലാസ് തലത്തില്‍ നിന്നു വന്ന ഒരാള്‍ക്ക് ഇത്രയും വലിയ സിനിമ എടുക്കാന്‍ പറ്റുമോ എന്നതിനുള്ള ഉത്തരം കൂടിയാണ് എആര്‍എമ്മിലൂടെ കണ്ടത്.
എട്ടു വര്‍ഷം നീണ്ടു നില്ക്കുന്ന പിന്നണി പ്രവര്‍ത്തനങ്ങളായിരുന്നു അത്. ഇത്രയേറെ കാര്യങ്ങളുണ്ടോ ഒരു സിനിമയ്ക്കു പിന്നില്‍ എന്ന ചോദ്യവും ശില്പശാലയില് ഉയര്‍ന്നു വന്നിരുന്നു. ഒരു ബിഗ്ബജറ്റ് ചിത്രത്തിലേക്കു താന്‍ എത്തിയതും അതിന്റെ വിജയത്തിനു പിന്നിലെ പ്രയത്നത്തെക്കുറിച്ചു കേള്‍ക്കാനുമെല്ലാം ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചതും അതു വിശദീകരിച്ചതുമെല്ലാം പുതിയ അനുഭവമായിരുന്നെന്നു ജിതിന് പറയുന്നു.
നവംബര്‍ ആദ്യമാസം വരെ വിവിധ കേന്ദ്രങ്ങളില്‍ സിനിമാ അനുഭവങ്ങള്‍ പങ്കുവച്ച് സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ പ്രീലോഞ്ച് സംഘടിപ്പിച്ച യൂറോപ്യന്‍ ഡ്രീംസ് ലിമിറ്റഡ് ഉടമ മവീഷ് മേലായുധന്റെ നേതൃത്വത്തിലാണ് മാഞ്ചസ്റ്ററില്‍ ശില്പശാല സംഘടിപ്പിച്ചത്. പാലക്കാട് സ്വദേശിയും അറിയപ്പെടുന്ന വ്ലോഗറുമാണ് മവീഷ്.