വയനാട് ദുരന്തം; കൊളോണ്‍ കേരള സമാജം വീട് നിര്‍മ്മിച്ചു നല്‍കും
Mail This Article
കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണ്‍ കേരള സമാജം, വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി പങ്കുചേര്‍ന്ന് ഒരു വീട് നിര്‍മ്മിച്ചു നല്‍കും. സമാജത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും 1,000 യൂറോയും ഭരണസമിതിയിലെ അംഗങ്ങള്‍ ഓരോരുത്തരും സംഭാവനയായി നല്‍കിയ തുകയും കൂടാതെ സമാജം ഓണം ലോട്ടറി വിഹിതമായ 90 യൂറോയും, സമാജത്തിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളായ ജര്‍മന്‍കാരും, ഒപ്പം ജര്‍മനിയിലെ രണ്ടാം തലമുറക്കാരും (41 സമാജം അംഗങ്ങളും, മറ്റു 19 പേരും) ഉള്‍പ്പടെ 60 പേര്‍ ഉദാരമായി നല്‍കിയ 5,585 യൂറോ (5,23,600 രൂപ) സമാഹരിച്ചാണ് വയനാട്ടില്‍ കൊളോണ്‍ കേരള സമാജം വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഓഗസ്ററ് ഒന്നു മുതല്‍ 31 വരെയാണ് സമാജം ഫണ്ട് സ്വരൂപിച്ചത്.
എറണാകുളം ആസ്ഥാനമായുള്ള സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് മുഖേനയാണ് വയനാട്ടില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. സമാജം സമാഹരിച്ച മുഴുവന്‍ തുകയും സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടര്‍ ഫാ.ജോസ് കുളത്തുവളിന് സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കും ചേരിയും ഒപ്പം എല്‍സി വടക്കുംചേരിയും കൈമാറി. പ്രസിഡന്റ് ജോസ് പുതുശേരിയുടെ നേതൃത്വത്തില്‍, ജന. സെക്രട്ടറി ഡേവീസ് വടക്കുംചേരി, ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ് (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഫണ്ട് ശേഖരണം നടത്തിയത്.