പ്രാദേശിക കൗൺസിൽ അംഗങ്ങൾക്ക് ഇനിമുതൽ വർക്ക് ഫ്രം ഹോം; കൗൺസിലർമാരുടെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി ഉപപ്രധാനമന്ത്രി ഏഞ്ചെല റെയ്നർ
Mail This Article
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലർമാരുടെ പ്രവർത്തനങ്ങളിൽ നിയമ മാറ്റങ്ങൾക്ക് ഒരുങ്ങി ഡപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ. മാറ്റങ്ങൾ നടപ്പിലായാൽ ഇനി മുതൽ പ്രാദേശിക കൗൺസിൽ അംഗങ്ങൾക്ക് ‘വർക്ക് ഫ്രം ഹോം‘ സൗകര്യം ഉണ്ടാകും. കൗൺസിലർമാർക്ക് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഉണ്ടാവുക.
നിലവിൽ എല്ലാ പ്രാദേശിക കൗൺസിലർമാരും മിക്ക യോഗങ്ങളിലും നേരിട്ട് പങ്കെടുക്കണമെന്നാണ് നിയമം. എന്നാൽ കോവിഡ് പാൻഡെമിക് സമയത്ത് യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കണമെന്ന നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഈ നിയമ മാറ്റം 2021 മെയ് 6 ന് പിൻവലിച്ചു. കുട്ടികളുടെ സംരക്ഷണത്തിനോ ആരോഗ്യപരമായ കാരണങ്ങളാലോ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് നിയമമാറ്റം ഉപകാരപ്രദമാണ്.
കൗൺസിലർമാർ അവരുടെ വീട്ടുവിലാസങ്ങൾ പരസ്യമാക്കേണ്ടതില്ലെന്ന നിയമവും നടപ്പിലാകുമെന്ന് ഏഞ്ചെല റെയ്‌നർ സ്ഥിരീകരിച്ചു. ജീവിതത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് പ്രാദേശിക ജനാധിപത്യത്തിൽ പങ്കാളിത്തം സാധ്യമാക്കുകയാണ് നിയമമാറ്റങ്ങളുടെ പ്രധാന ലക്ഷ്യം. വൈറ്റ്ഹാളിലെ സിവിൽ സർവീസുകാർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ജോലി ചെയ്യണമെന്ന നിയമമാറ്റത്തിനു ശേഷമാണ് കൗൺസിലർമാരുടെ നിയമങ്ങളിൽ മാറ്റം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
മോശം പെരുമാറ്റത്തിന് പ്രാദേശിക കൗൺസിലർമാരെ സസ്പെൻഡ് ചെയ്യാൻ കൗൺസിലുകളെ അനുവദിക്കുമെന്ന് ഹൗസിങ്, കമ്മ്യൂണിറ്റികൾ, ലോക്കൽ ഗവൺമെന്റ് എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഏഞ്ചെല റെയ്നർ പറഞ്ഞു. കൗൺസിലുകൾക്ക് മൾട്ടി ഇയർ ഫണ്ടിങ് സെറ്റിൽമെന്റുകൾ നൽകുന്നതിലേക്ക് ഗവണ്മെന്റ് മടങ്ങുമെന്നും ഏഞ്ചെല റെയ്നർ വ്യക്തമാക്കി.ഗവണ്മെന്റ് ഗ്രാന്റുകൾക്കായി പ്രാദേശിക അധികാരികൾ പരസ്പരം മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ഏഞ്ചെല റെയ്നർ അറിയിച്ചു.
ഹാരോഗേറ്റിൽ നടന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ഉപപ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ സർക്കാർ നയങ്ങൾ വ്യക്തമാക്കിയത്. കൗൺസിലർമാരുടെ കാലഹരണപ്പെട്ട നിയമമാറ്റത്തിനായി പാരിഷ് കൗൺസിൽ ഓഫീസർ ജാക്കി വീവർ നടത്തിയ ക്യാംപയിനുകൾക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.