ഇന്ത്യയുമായി പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍
Mail This Article
ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായ് വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ ഷോള്‍സ് ശനിയാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇരുപത് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷോള്‍സ് വ്യക്തമാക്കി.
ഷോള്‍സിന്റെ ഇന്ത്യ സന്ദര്‍ശനത്തോടെ 27 കരാറുകളിലാണ് അന്തിമ ധാരണയായത്. പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
ഈ വര്‍ഷത്തിന്റെ ആദ്യപകുതിയിലെ കണക്കനുസരിച്ച്, ജര്‍മനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 153.75 മില്യന്‍ യൂറോയുടെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്.