ഏപ്രിൽ ഒന്നു മുതൽ ബ്രിട്ടനിൽ മിനിമം വേതനം ഉയർത്തുമെന്ന് ചാൻസലർ റെയ്ച്ചൽ റീവ്സ്
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ഏപ്രിൽ ഒന്നു മുതൽ മിനിമം വേതനം ഉയർത്തുമെന്ന് ചാൻസലർ റെയ്ച്ചൽ റീവ്സ്. 21 വയസ്സ് പൂർത്തിയായവരുടെ മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായാണ് ഉയർത്തുന്നത്. ഇതിന് ആനുപാതികമായി 18 വയസ്സ് മുതൽ 20 വയസ്സുവരെയുള്ളവരുടെയും അപ്രന്റീസിന്റെയും വേതനത്തിലും വർധനയുണ്ടാകും. ഇന്നത്തെ ബജറ്റിൽ ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ പ്രഖ്യാപിക്കും.
നിലവിൽ മണിക്കൂറിന് 11.44 പൗണ്ടാണ് നാഷനൽ ലിവിങ് വേജ്. ഇതിൽ 6.7 ശതമാനം വർധന വരുത്തിയാണ് 12.21 പൗണ്ടാക്കുന്നത്. നേരത്തെ 10.42 പൗണ്ടായിരുന്ന മിനിമം വേതനം കഴിഞ്ഞ ഏപ്രിലിലാണ് 11.44 പൗണ്ടാക്കിയത്. ഇതാണ് ഇപ്പോൾ വീണ്ടും ഉയർത്തുന്നത്.
18നും 20നും മധ്യേ പ്രായമുള്ളവർക്ക് നിലവിൽ ലഭിക്കുന്ന മിനിമം വേതനം 8.60 പൗണ്ട് മണിക്കൂറിന് 10 പൗണ്ടായി വർധിപ്പിക്കും. അപ്രന്റീസിന് ലഭിക്കുന്ന 6.40 മിനിമം വേതനം 7.55 പൗണ്ടായും ഉയർത്തും. മിനിമം വേതനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജോലിക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.