നികുതി വർധിപ്പിച്ച് ലേബർ സർക്കാർ; ‘ബജറ്റ് പ്രഹരം’ ബ്രിട്ടനിൽ ജോലി തേടുന്നവരെയും ബാധിച്ചേക്കും
Mail This Article
ലണ്ടൻ ∙ ലേബർ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ തൊഴിലാളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത പ്രഹരം. തൊഴിൽ ദാതാക്കൾക്ക് ദേശീയ ഇൻഷുറൻസ് വർധനയുടെ അധികഭാരം ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെ സർക്കാർ 25 ബില്യന്‍റെ അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിനെ നേരിടാൻ ബിസിനസ് സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമർശനം ശക്തമായി. ഇത് തൊഴിൽ തേടി ബ്രിട്ടനിൽ എത്തുന്നവരെയും പ്രതികൂലമായി ബാധിച്ചേക്കും.
ഏപ്രിൽ ഒന്നു മുതൽ തൊഴിൽ സ്ഥാപനങ്ങൾ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇൻഷുറൻസ് വിഹിതം നൽകണം. ഇത്തരത്തിൽ 25 ബില്യൻ പൗണ്ട് അധികമായി ഓരോ വർഷവും കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ദേശീയ ഇൻഷുറൻസിൽ അനുവദിച്ചിരുന്ന എംപ്ലോയ്മെന്‍റ് അലവൻസ് അയ്യായിരം പൗണ്ടിൽ നിന്നും 10,500 ആയി ഉയർത്താനും തീരുമാനിച്ചു.
കാപ്പിറ്റൽ ഗെയിൻ ടാക്സ് 20ൽനിന്നും 24 ശതമാനമായി വർധിപ്പിച്ചു. പ്രൈവറ്റ് സ്കൂൾ ഫീസിന് 2025 മുതൽ വാറ്റ് ബാധകമാക്കും. പ്രൈവറ്റ് ജെറ്റ് യാത്രകൾക്ക് 50 ശതമാനം നികുതി വർധിക്കും. വേപ്പിങ് ലിക്വിഡിന് 2026 മുതൽ 10 മില്ലിക്ക് 2.20 പൗണ്ട് എന്ന തോതിൽ പുതിയ ടാക്സ് ഏർപ്പെടുത്തും. സിഗരറ്റിന്‍റെയും പുകയില ഉൽപന്നങ്ങളുടെയും നികുതിയിലും വർധന പ്രഖ്യാപിച്ചു. രണ്ടാം വീടിന് സ്റ്റാംപ് ഡ്യൂട്ടി ലാൻഡ് ടാക്സ് സർ ചാർജ് രണ്ട് ശതമാനം വർധിക്കും.
അധ്യാപകരുടെ എണ്ണം വർധിപ്പിക്കാനും, എൻ.എച്ച്.എസ്. അപ്പോയ്ന്‍റ്മെന്‍റുകൾ വർധിപ്പിക്കാനും പുതിയ വീടുകൾക്കും കൂടുതൽ പണം അനുവദിച്ചു. എൻ.എച്ച്. എസ് ഫ്രണ്ട് ലൈൻ സൗകര്യങ്ങൾ വർധിപ്പിക്കാൻ 22 ബില്യനും കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും നവീകരണത്തിന് മൂന്നു ബില്യനുമാണ് ബജറ്റിൽ മാറ്റിവച്ചത്.
ഇംഗ്ലണ്ടിൽ സിംഗിൾ ബസ് യാത്രകൾക്കുണ്ടായിരുന്ന രണ്ട് പൗണ്ടിന്‍റെ ക്യാപ് ജനുവരി മുതൽ മൂന്ന് പൗണ്ടായി ഉയർത്തും. ഡിഫൻസ് ബജറ്റിൽ അടുത്തവർഷത്തേക്ക് 2.9 ബില്യന്‍റെ വർധന വരുത്തിയപ്പോൾ ഹോം ഓഫിസ് ബജറ്റിൽ 3.1 ശതമാനത്തിന്‍റെ കുറവാണ് പ്രഖ്യാപിച്ചത്. ലോക്കൽ കൗൺസിലുകൾക്ക് 1.3 ബില്യൻ പൗണ്ട് ബജറ്റിൽ അധികമായി നൽകുന്നുണ്ട്.
ജോലിക്കും ബിസിനസിനും സേവിങ്സിനും എല്ലാം നികുതി ഏർപ്പെടുത്തിയ ലേബർ സർക്കാർ വാഗ്ദാനലംഘനം നടത്തുക മാത്രമല്ല, സാമ്പത്തിക വളർച്ചക്ക് തടസം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഋഷി സുനക് കുറ്റപ്പെടുത്തി. ബജറ്റിനോടുള്ള പ്രതികരണത്തോടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഋഷിയുടെ കടമകൾ പൂർത്തിയായി. ബജറ്റിന്മേൽ അടുത്തയാഴ്ച വിശദമായ ചർച്ചകൾ നടക്കുമ്പോൾ ടോറി പാർട്ടിയുടെ പുതിയ നേതാവാകും പ്രതിപക്ഷ നേതാവായി എത്തുക.