കൂടുതൽ ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിലേക്ക്
Mail This Article
മോസ്കോ ∙ യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്ന യുഎസ് ആരോപണത്തിനു പിന്നാലെ, ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി ചോം സൺ ഹുയി മോസ്കോയിലെത്തി. ഇന്നലെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി ഹുയി കൂടിക്കാഴ്ച നടത്തി. കൂടുതൽ ഉത്തര കൊറിയൻ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കുന്നതും പകരം റഷ്യയിൽനിന്ന് എന്തു കിട്ടുമെന്നതും സംബന്ധിച്ചായിരുന്നു ചർച്ചയെന്നാണു ദക്ഷിണ കൊറിയയുടെ ചാരസംഘടനയുടെ നിഗമനം.
കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് റഷ്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നുവെന്നാണ് പാശ്ചാത്യശക്തികളുടെ ആരോപണം. തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാൻ ഈ വർഷാദ്യം ഒപ്പിട്ട ഉഭയകക്ഷികരാറുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് റഷ്യ പറഞ്ഞു. യുക്രെയ്നിൽ യുദ്ധം വിജയിക്കും വരെ റഷ്യയെ പിന്തുണയ്ക്കുമെന്ന് ഉത്തര കൊറിയ വിദേശകാര്യമന്ത്രി പറഞ്ഞു.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ പടയിൽ ഉത്തര കൊറിയയുടെ 8000 സൈനികരുണ്ടെന്നാണ് വ്യാഴാഴ്ച ബൈഡൻ ഭരണകൂടം പറഞ്ഞത്. ദക്ഷിണ കൊറിയയുടെ കണക്ക് 11,000 ആണെങ്കിൽ യുക്രെയ്ൻ കണക്കു പ്രകാരം റഷ്യയ്ക്കൊപ്പം 13,000 ഉത്തര കൊറിയൻ സൈനികരുണ്ട്. ഉത്തര കൊറിയ സമീപകാലത്തു നടത്തിയ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉപരോധമേർപ്പെടുത്താനുള്ള യുഎസ് നീക്കം യുഎൻ രക്ഷാസമിതിയിൽ തടഞ്ഞത് റഷ്യയും ചൈനയും ചേർന്നായിരുന്നു.