4,000 മൈൽ, 9 മണിക്കൂർ; ഒടുവിൽ കയറിയിടത്ത് തന്നെ ഇറങ്ങി യാത്രക്കാർ
Mail This Article
ലണ്ടൻ ∙ ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ജോസിലേക്ക് പറന്ന ബ്രിട്ടിഷ് എയർവേയ്‌സ് വിമാനം തിരിച്ചിറക്കി. ഏകദേശം 4,000 മൈൽ ദൂരം പിന്നിട്ടതിന് ശേഷമാണ് വിമാനം ലണ്ടനിൽ തിരിച്ചിറക്കിയത്. ഒൻപത് മണിക്കൂറാണ് യാത്രക്കാർ വിമാനത്തിനുള്ളിൽ ചെലവഴിച്ചത്.
ചൊവ്വാഴ്ച രാവിലെ ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ജോസിലേക്ക് ഷെഡ്യൂൾ ചെയ്ത ബോയിങ് 777 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. ലണ്ടനിൽ നിന്ന് കോസ്റ്റാറിക്കയിലേക്കുള്ള യാത്രാസമയം സാധാരണയായി 10 മണിക്കൂറാണ്. 30 മിനിറ്റ് വൈകി പുറപ്പെട്ട വിമാനം ഏകദേശം അഞ്ച് മണിക്കൂർ യാത്രയ്ക്ക് ശേഷം ലണ്ടിനിലേക്ക് തിരിച്ചിറക്കുകയായിരുന്നു. അടുത്ത ദിവസം വിമാന സർവീസ് പുനരാരംഭിച്ചു.
സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ജൂണിൽ കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡിലേക്ക് പറന്ന ബോയിങ് 787 വിമാനം 2,300 മൈൽ പിന്നിട്ടതിനു ശേഷം ലണ്ടനിൽ തിരിച്ചിറക്കിയിരുന്നു. സാധാരണയായി സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ബ്രിട്ടിഷ് എയർവേയ്‌സ് വിമാനങ്ങൾ ലണ്ടൻ വിമാനത്താവളത്തിലേക്കാണ് തിരിച്ചിറക്കുന്നത്.