കേരള ബയേണ്‍ ലീഗ് സീസൺ 2: എഫ്‌സി എർലാംഗൻ ചാംപ്യന്മാർ
Mail This Article
മ്യൂണിക്ക് ∙ മ്യൂണിക്കിൽ നടന്ന ഏറെ ആവേശകരമായ മത്സരങ്ങളോടെ കേരള ബയേണ്‍ ലീഗിന്‍റെ രണ്ടാം സീസൺ അവസാനിച്ചു. ജർമനിയിലെ ബയേണ്‍ സംസ്ഥാനത്തെയും മറ്റിടങ്ങളിലെയും ഒൻപത് ടീമുകൾ പങ്കെടുത്ത ഈ ഫുട്‌ബോൾ ലീഗിൽ എഫ്‌സി എർലാംഗൻ ആണ് ചാംപ്യൻമാരായി തിളങ്ങിയത്.
ആറാഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ 16 പോയിന്‍റ് നേടിയാണ് എഫ്‌സി എർലാംഗൻ ഒന്നാം സ്ഥാനത്തെത്തിയത്. മിന്നൽ ബയേണ്‍ എഫ്‌സി 35 പോയിന്‍റുമായി രണ്ടാം സ്ഥാനത്തായി. ചാംപ്യൻമാർക്കുള്ള ട്രോഫി എഫ്‌സി എർലാംഗന്‍റെ ക്യാപ്റ്റൻ പ്രദീപ് മുണ്ടയാടൻ കോറോത്ത് ഏറ്റുവാങ്ങി.
മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. എഫ്‌സി എർലാംഗനിലെ രാഹുൽ മുകുന്ദൻ മികച്ച ഗോൾകീപ്പറായും, ഇംഗോൾസ്‌ടാഡ് മാൻഷാഫ്റ്റ് എഫ്‌സിയിലെ രഘുനന്ദൻ ആനന്ദനും മിന്നൽ ബയേണ്‍ എഫ്‌സിയിലെ അഭിലാഷ് ശ്രീനിവാസനും 16 ഗോളുകൾ നേടി ലീഗിലെ മികച്ച സ്‌കോറർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
കേരള ബയേണ്‍ ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയും മിന്നൽ ബയേണ്‍ ടീമും ചേർന്നാണ് മ്യൂണിക്കിലെ മത്സരങ്ങൾ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും ഹോം ആൻഡ് അവേ രീതിയിൽ 16 മത്സരങ്ങൾ കളിച്ചു. 2025 ഏപ്രിലിൽ ലീഗിന്‍റെ മൂന്നാം സീസൺ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.