യുകെയിലെ ആർസിഎൻ തിരഞ്ഞെടുപ്പ്; അവസാന തീയതി നവംബർ 11
Mail This Article
ലണ്ടൻ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ റോയൽ കോളജ് ഓഫ് നഴ്സിങിൽ പ്രസിഡന്‍റ്, ഡപ്യൂട്ടി പ്രസിഡന്‍റ് ഉൾപ്പടെയുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ. ഇത്തവണ മലയാളിയായ ഒരാൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി ആർസിഎൻ തിരഞ്ഞെടുപ്പിന് ഉണ്ട്. ഒക്ടോബർ 14 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് നവംബർ 11 അവസാനിക്കും. എന്നാൽ അംഗങ്ങൾക്ക് ലഭിച്ച ബാലറ്റ് പേപ്പർ തപാൽ വഴി തിരഞ്ഞെടുപ്പ് ചുമതലയിലുള്ളവർക്ക് ലഭിക്കേണ്ട അവസാന തീയതിയാണ് നവംബർ 11. അതിനാൽ തപാലിന്‍റെ കാലതാമസം കൂടി കണക്കിലെടുത്ത് ഇന്ന് തന്നെ ബാലറ്റ് പേപ്പർ കൈവശം ഉള്ളവർ വോട്ട് ചെയ്യണമെന്ന് അഭ്യർഥനയുമായാണ് മലയാളി കൂടിയായ പ്രസിഡന്‍റ് സ്ഥാനാർഥി ബിജോയ് സെബാസ്റ്റ്യൻ രംഗത്തുള്ളത്.
പതിവില്ലാത്ത വിധം മലയാളികൾ ഏറ്റവും കൂടുതൽ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ആർസിഎൻ യൂണിയനിൽ ഇത്തവണ നടന്നത്. മലയാളിയും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സുമായ ബിജോയ് സെബാസ്റ്റ്യൻ മത്സര രംഗത്തുള്ളതാണ് മലയാളികൾ സജീവമാകാൻ കാരണം.
യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒരേ മനസ്സോടെ ഒത്തുപിടിച്ചാൽ ബിജോയ് ആർസിഎൻ പ്രസിഡന്റായി വിജയിച്ചേക്കാം. അങ്ങനെയെങ്കിൽ യുകെയിലെ ആദ്യ മലയാളി മേയർമാർക്കും ആദ്യ മലയാളി എംപിക്കും ശേഷം റോയൽ കോളജ് ഓഫ് നഴ്‌സിങിന് ഒരു മലയാളി പ്രസിഡന്‍റ് കൂടി ഉണ്ടാകും. യൂണിയൻ തലപ്പത്ത് മലയാളി ശബ്ദവും പങ്കാളിത്തവും വരുന്നതോടെ യുകെയിലെ വിദേശ നഴ്‌സുമാരിൽ ഏറ്റവുമധികമുള്ള മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. നവംബർ 13 നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.