അയർലൻഡിൽ പൊതു തിരഞ്ഞെടുപ്പ് നവംബർ 29 ന്; പ്രചാരണത്തിന് ദിവസങ്ങള്‍ മാത്രം
Mail This Article
ഡബ്ലിൻ ∙ അയര്‍ലൻഡിൽ പാർലമെന്റ് പൊതു തിരഞ്ഞെടുപ്പ് നവംബര്‍ 29 ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചു വിടുന്നതിന് അനുവാദം വാങ്ങാനായി പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഈയിടെ നടന്ന പ്രാദേശിക കൗൺസിൽ, യൂറോപ്യന്‍ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി പാര്‍ട്ടികളായ ഫിനഗേൽ, ഫിനാഫാൾ പാർട്ടികൾ മികച്ച വിജയം നേടിയിരുന്നു.
2020 മുതൽ ഫിനഗേൽ, ഫിനാഫാൾ, ഗ്രീൻ പാർട്ടി എന്നിവർ സഖ്യത്തിലാണ് ഭരണം നടത്തുന്നത്. ഇതിൽ ഫിനഗേൽ പ്രതിനിധിയായ സൈമൺ ഹാരിസ് ആണ് പ്രധാന മന്ത്രി. പ്രധാനപ്രതിപക്ഷമായ സിൻ ഫെയിനിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് 2025 മാർച്ച് വരെ കാലാവധിയുള്ള പാർലമെന്റ് ഇപ്പോൾ പിരിച്ചു വിടാൻ സൈമൺ ഹാരിസ് തയാറായത്. നവംബര്‍ 29 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ഇനി പ്രചാരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഏതാനും സുപ്രധാന ബില്ലുകള്‍ കൂടി പാസാക്കിയ ശേഷമാണ് നിലവിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സിവില്‍ യുദ്ധ കാലഘട്ടം തൊട്ട് വിരോധികൾ ആയിരുന്ന ഫിനഗേൽ, ഫിനാഫാൾ തുടങ്ങിയ പാർട്ടികൾ ചേര്‍ന്ന് ചരിത്രപരമായ സഖ്യസര്‍ക്കാരാണ് 2020 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ രാജ്യത്ത് രൂപീകരിച്ചത്. ഇതോടെ പാര്‍ട്ടികള്‍ ശത്രുത മറക്കുകയും ചെയ്തു. ഭൂരിപക്ഷത്തിനായി ഒപ്പം ഗ്രീന്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ സഖ്യകക്ഷിയാക്കി. തുടര്‍ന്ന് ഫിനാഫാൾ നേതാവായ മീഹോള്‍ മാര്‍ട്ടിന്‍ ആദ്യ വട്ടം പ്രധാനമന്ത്രിയായി.
സര്‍ക്കാര്‍ പകുതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അന്നത്തെ ഫിനഗേൽ നേതാവായിരുന്ന ഇന്ത്യൻ വംശജൻ ലിയോ വരദ്കര്‍ക്ക് സ്ഥാനം കൈമാറുകയും ചെയ്തു. പിന്നീട് ലിയോ വരദ്കര്‍ പാര്‍ട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി പദവും രാജിവച്ചതോടെ പുതിയ നേതാവായും പ്രധാനമന്ത്രിയായും സൈമണ്‍ ഹാരിസിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ആര് പ്രധാനമന്ത്രിയാകുമെന്ന് മുൻകൂട്ടി പ്രവചനം നടത്താൻ കഴിയില്ലെങ്കിലും നിലവിലെ ഭരണമുന്നണിയിൽ ഉൾപ്പെടുന്ന ഒരാൾ തന്നെ അധികാരത്തിൽ എത്തുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.