‘ഞങ്ങളുടെ കയ്യിൽ ചെളി; നിങ്ങളുടെ കയ്യിൽ രക്തം’; വലെൻസിയയിൽ വൻ പ്രതിഷേധം
Mail This Article
വലെൻസിയ∙ സ്പാനിഷ് നഗരമായ വലെൻസിയയിൽ 220-ലധികം പേരുടെ മരണത്തിന് കാരണമായ വെള്ളപ്പൊക്കം അധികൃതർ കൈകാര്യം ചെയ്ത രീതിക്കെതിരെ വ്യാപക പ്രതിഷേധം. അധികൃതരുടെ അലംഭാവം ചൂണ്ടിക്കാട്ടി ശനിയാഴ്ച കിഴക്കൻ സ്പാനിഷ് നഗരമായ വലെൻസിയയിൽ പതിനായിരക്കണക്കിന് ആളുകൾ പ്രകടനം നടത്തി.
പ്രാദേശിക ഗവൺമെന്‍റ് നേതാവ് കാർലോസ് മാസോൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 'ഞങ്ങളുടെ കയ്യിൽ ചെളി പുരണ്ടിരിക്കുന്നു, നിങ്ങളുടെ കയ്യിൽ രക്തമാണ് പുരണ്ടിരിക്കുന്നത്,' എന്ന് എഴുതിയ ബാനറും പ്രതിഷേധക്കാർ ഉയർത്തി.
വളരെ വൈകി രാത്രി 8 മണിക്കാണ് മുന്നറിയിപ്പ് നൽകിയതെന്ന് ദുരിതബാധിത പ്രദേശങ്ങളിലെ താമസക്കാർ ആരോപിക്കുന്നു. സമീപത്തെ പല പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അതിനകം തന്നെ വെള്ളം കയറിയിരുന്നു.
ഔദ്യോഗിക ജല നിരീക്ഷക സമിതി സ്ഥിതിഗതികളുടെ ഗൗരവം അധികൃതരെ അറിയിച്ചിരുന്നെങ്കിൽ താൻ നേരത്തെ മുന്നറിയിപ്പ് നൽകുമായിരുന്നുവെന്ന് കാർലോസ് മാസോൺ പറഞ്ഞു. പ്രകടനം ഏറെക്കുറെ സമാധാനപരമായിരുന്നുവെങ്കിലും, ഒരു ഘട്ടത്തിൽ പൊലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. സിറ്റി കൗൺസിൽ കെട്ടിടത്തിന് നേരെ എറിഞ്ഞ വസ്തുക്കൾ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഒക്‌ടോബർ 25 മുതൽ ദേശീയ കാലാവസ്ഥാ സേവനത്തിൽ നിന്നുള്ള കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വലെൻസിയ യൂണിവേഴ്സിറ്റി ഒക്‌ടോബർ 28 ന് ജീവനക്കാർക്ക് അവധി നൽകി. നിരവധി ടൗൺ ഹാളുകൾ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി, പൊതു സൗകര്യങ്ങൾ അടച്ചുപൂട്ടുകയും ആളുകളോട് വീട്ടിൽ തന്നെ തുടരാൻ പറയുകയും ചെയ്തു. അതേസമയം, പ്രാദേശിക ഗവൺമെന്‍റ് അധികൃതർ ഇത്തരം നിർദേശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതായി ജനം ആരോപിക്കുന്നു.