ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളി; ചരിത്രം
Mail This Article
ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥി വിജയിച്ചു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സരത്തിൽ വിജയിച്ച് ചരിത്ര നേട്ടത്തിന് ഉടമയായത്. ബിജോയ് ഉൾപ്പടെ 7 പേരായിരുന്നു മത്സരിച്ചത്. 2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കാലാവധി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒപ്പം ഡെപ്യൂട്ടി പ്രസിഡന്റ്, വിവിധ റീജനുകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ഒക്ടോബർ 14 മുതലായിരുന്നു ആർസിഎൻ അംഗങ്ങൾക്ക് ലഭിക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെ വോട്ടുകൾ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നവംബർ 11 ന് തിരഞ്ഞെടുപ്പ് അവസാനിച്ചു. 1916 ൽ കേവലം 34 അംഗങ്ങളുമായി യുകെയിൽ പ്രവർത്തനം ആരംഭിച്ച യൂണിയനാണ് ആർസിഎൻ. യുകെയിലെ ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഉൾപ്പടെയുള്ള അംഗ രാജ്യങ്ങളിൽ നിന്നും ആകെ 5,70,867 പേർക്കായിരുന്നു വോട്ടെടുപ്പിൽ പങ്കെടുക്കുവാൻ ആർസിഎൻ ബാലറ്റ് പേപ്പർ അയച്ചു നൽകിയത്. ഇതിൽ 25,107 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 1,323 വോട്ടുകൾ അസാധുവായി. ബാക്കി വന്ന 23,784 വോട്ടുകളിൽ നിന്നും 5,483 വോട്ടുകൾ നേടി ആണ് ബിജോയ് സെബാസ്റ്റ്യന്റെ വിജയം.
റോയൽ കോളജ് ഓഫ് നഴ്സിങിൽ ധാരാളം മലയാളി നഴ്സുമാർ അംഗത്വം എടുത്തിട്ടുണ്ടങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു മലയാളി മത്സരിച്ചത്. യൂണിയനിൽ അംഗങ്ങളായ മലയാളികൾ മുഴുവനും വോട്ട് ചെയ്‌താൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതലെ വിലയിരുത്തൽ ഉണ്ടായിരുന്നു.
ബിജോയിയുടെ മത്സരം സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബർ 19 ന് മനോരമ ഓൺലൈനിലൂടെയാണ് ആദ്യം പുറത്തു വന്നത്. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011ൽ ബാൻഡ് 5 നഴ്സായി ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ് 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും തന്റെ കരിയർ മികച്ച നിലയിൽ എത്തിച്ചു. 2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ് കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേൽ മകനാണ്. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്.
നെറ്റ് വർക്ക് ഓഫ് ഇന്റർനാഷനലി എജ്യുക്കേറ്റഡ് നഴ്സസ് ആൻഡ് മിഡ് വൈഫറി അസോസിയേഷൻസിന്റെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. 2012 ലാണ് ആർസിഎൻ യൂണിയനിൽ ബിജോയ് അംഗമായത്. മൂലകോശ ദാതാക്കളെ റജിസ്റ്റർ ചെയ്യുന്ന ഡികെഎംഎസ്, ഡോ. അജിമോൾ പ്രദീപിന്റെ 'ഉപഹാർ' തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
കൈരളി യുകെയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്ടിനായി ബിജോയ് ഉൾപ്പടെയുള്ള നഴ്സുമാരുടെ സംഘം പ്രവർത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ ബിജോയിക്ക് ഒപ്പം പ്രവർത്തിച്ച മലയാളി നഴ്സുമാർ. ഇവർക്കൊപ്പം യുകെയിൽ നഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. ഇതേ ടീം വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രോജക്ട് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിനെ സന്ദർശിച്ച് പങ്ക് വെച്ചിരുന്നു.
റോയൽ കോളജ് ഓഫ് നഴ്സിങിന്റെ നേതൃത്വവുമായി എല്ലാ ആർസിഎൻ അംഗങ്ങൾക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കണ്ടെത്തി ആർസിഎൻ സാന്നിധ്യം ഉറപ്പാക്കുക, നഴ്സിങ് മേഖലയിലെ ജീവനക്കാർക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയർ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ബിജോയ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഇപ്പോൾ വിജയി ആയതിലൂടെ ഉത്തരവാദിത്ത്വങ്ങൾ വർധിച്ചുവെന്നും യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും അതിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ബിജോയ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു.