ജർമനിയിൽ പൊതു തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ
Mail This Article
ബർലിൻ∙ ജർമനിയിൽ ഫെബ്രുവരിയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച പാർലമെന്‍റിൽ നടന്ന പ്രസംഗത്തിൽ ഡിസംബർ 16ന് വിശ്വാസ വോട്ട് വിളിക്കുമെന്നും അതിനുശേഷം പുതിയ തിരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്ന് ചാന്‍സലര്‍ ഷോള്‍സ് സ്ഥിരീകരിച്ചു.
ഫ്രീ ഡെമോക്രാറ്റുകൾ (എഫ്‌ഡിപി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് സോഷ്യൽ ഡെമോക്രാറ്റുകൾക്കും (എസ്‌പിഡി) ഗ്രീൻസ് പാർട്ടിക്കും പാർലമെന്‍റിൽ ഭൂരിപക്ഷമില്ലാതായി. ഇതോടെ ഷോൾസിന്റെ സർക്കാർ ഭരണം തുടരുക അസാധ്യമായി. ഈ സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്.
കഴിഞ്ഞയാഴ്ച ഒലാഫ് ഷോള്‍സിന്‍റെ സഖ്യം തകര്‍ന്നതിന് ശേഷം പാര്‍ലമെന്‍റില്‍ കുടുങ്ങിയ 100 കരട് നിയമങ്ങളില്‍ നാലെണ്ണം മാത്രമാണ് പാസായത്. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിന് മുൻപ് പല നിയമങ്ങളും പാസാക്കാൻ പ്രതിപക്ഷത്തോട് സഹായം അഭ്യർഥിച്ചെങ്കിലും യാഥാസ്ഥിതിക സിഡിയു പാർട്ടി ഇതിന് തയ്യാറായില്ല.
പുതിയ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും, പുതിയ ബുണ്ടസ്റ്റാഗ് ആദ്യമായി യോഗം ചേരുന്നത് വരെ നിലവിലെ പാർലമെന്‍റ് പ്രവർത്തിക്കും.