‘സഹായിക്കുന്ന തട്ടിപ്പുകാർ’, പൊലീസ് പരിശോധന, നിധി മോഷണം; അറിയാം യൂറോപ്പിലെ ചതികുഴികൾ
Mail This Article
ലണ്ടൻ ∙ സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുമുള്ള യൂറോപ്പ് നിരവധി സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമാണ്. ആരെയും ആകർഷിക്കുന്ന യൂറോപ്യൻ നഗരങ്ങളിൽ തട്ടിപ്പുകൾക്ക് പഞ്ഞമില്ല.
∙ സഹായ സന്നദ്ധത
സഞ്ചാരികൾ ആവശ്യപ്പെടാതെ തന്നെ അവരെ സഹായിക്കാൻ എത്തുന്നവർ. എടിഎമ്മുകൾ അല്ലെങ്കിൽ ട്രാൻസ്‌പോർട്ട് ടിക്കറ്റ് മെഷീനുകൾ എന്നിവയുമായ് ബന്ധപ്പെട്ട സഹായങ്ങളാണ് ഇവർ സാധാരണയായി നൽകുന്നത്. നിങ്ങളുടെ കാർഡ് വിവരങ്ങളോ പണമോ തട്ടിയെടുക്കുകയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. ബാർസിലോനയിലെയും റോമിലെയും തിരക്കേറിയ സ്ഥലങ്ങളിലാണ് ഈ തട്ടിപ്പ് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആവശ്യപ്പെടാത്ത സഹായം നിരസിക്കുക. സുരക്ഷിതമായി തുടരാൻ ഇടപാടുകൾ സ്വയം കൈകാര്യം ചെയ്യുക.
∙ വ്യാജന്മാർ
പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട് ഇവർ നിങ്ങളെ സമീപിക്കാം. വ്യാജ നോട്ടുകൾ പരിശോധിക്കാൻ എന്ന വ്യാജേന നിങ്ങളുടെ വാലറ്റുകൾ പരിശോധിക്കും. തുടർന്ന് അതുമായി കടന്നു കളയും. ബാർസിലോനയിലും പ്രാഗിലുമാണ് ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് വേഷത്തിൽ സമീപിക്കുന്നവരോട് ഔദ്യോഗിക ഐഡി ആവശ്യപ്പെടുക.
∙ കളവുപോയ ‘നിധി’
തട്ടിപ്പുകാർ വാലറ്റോ വിലമതിക്കുന്ന മറ്റെന്തെങ്കിലും വസ്തുവോ വിനോദസഞ്ചാരികൾ നടന്ന് പോകുന്ന വഴിയിൽ ശ്രദ്ധിക്കുന്ന വിധം ഇട്ടിരിക്കും. തുടർന്ന് സഞ്ചാരികൾ ഇവ മോഷ്ടിച്ചെന്ന് ആരോപിക്കുകയും നഷ്ടപരിഹാരമായി തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയും ചെയ്യാം. ലണ്ടനിലെയും മാഡ്രിഡിലെയും തിരക്കേറിയ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി നടക്കുന്നത്. വിനോദ സഞ്ചാരിയുടെ പക്കൽ നിന്നും കാണാതെ പോയതാണെന്ന് അവകാശപ്പട്ട് സ്വർണ മോതിരമോ മറ്റ് വസ്തുക്കളോ തട്ടിപ്പുകാർ കണ്ടെത്തി നൽകും. ഇതിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നു. പാരിസിലെ ഈഫൽ ടവറിനും സീൻ നദിക്കും ചുറ്റും ഈ തട്ടിപ്പുകൾ വ്യാപകമാണ്.
∙ വീട് വാടകയ്ക്ക്
ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളിൽ ഒന്നാണ് നിലവിലില്ലാത്ത വസ്തുവകകൾ വാടകയ്ക്ക് നൽകുന്ന പര്യസങ്ങൾ. ഇതിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നു. ലണ്ടൻ, പാരിസ്, ബാർസിലോന തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇത് സർവസാധാരണമാണ്. നിയമാനുസൃതമായ വസ്തുവകകൾ വാടകയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രശസ്തമായ സൈറ്റുകളിലൂടെ ബുക്ക് ചെയ്യുകയും പ്രോപ്പർട്ടി വിശദാംശങ്ങൾ രണ്ടുതവണ പരിശോധിക്കുകയും ചെയ്യുക.
∙ സർപ്രൈസ് ചാർജുകൾ
മെനുവോ വിലയോ നൽകാത്ത റസ്റ്ററന്റുകൾ. ഉയർന്ന ബിൽ നൽകുന്നതിനായി മെനുവോ വിലയോ ഇല്ലാത്ത റസ്റ്ററന്റുകളിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു. ഇസ്താംബുൾ, പ്രാഗ് തുടങ്ങിയ നഗരങ്ങളിൽ ഈ തട്ടിപ്പ് സാധാരണമാണ്.