സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഇറ്റലിയിൽ റാലി
Mail This Article
റോം ∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധറാലി നടത്തി. റോമിലും സിസിലിയൻ തലസ്ഥാനമായ പലേർമോയിലും നടന്ന റാലിയിൽ പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്.
എല്ലാ വർഷവും നവംബർ 25നു നടക്കുന്ന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള രാജ്യാന്തര ദിനത്തിനു മുന്നോടിയായാണ് ‘നോൺ ഉന ദി മെനോ’ എന്ന വനിതാസംഘടന മാർച്ചുകൾ സംഘടിപ്പിച്ചത്.
രാജ്യത്ത് പീഡനങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും വർധനവ്, ക്രമരഹിതമായ കുടിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഇറ്റലിയിലെ വിദ്യാഭ്യാസ മന്ത്രി ജൂസെപ്പെ വാൽദിത്താരയുടെ ഫോട്ടോയും പ്രതിഷേധാക്കാർ കത്തിച്ചു.
2023 നവംബർമാസം മുതൽ ഇതുവരെയുള്ള ഒരുവർഷത്തിനിടയിൽ രാജ്യത്ത് 106 വനിതകളാണ് കൊല്ലപ്പെട്ടത്. അതായത്, ഓരോ മൂന്നു ദിവസത്തിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്.
2024ലെ ആദ്യ ഒന്‍പത് മാസങ്ങളിൽ, ഇറ്റലിയുടെ അക്രമവിരുദ്ധ ഹെൽപ്പ്‌ലൈനിലേക്ക് സഹായമഭ്യർഥിച്ച് 48,000 ഫോൺകോളുകളാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെയപേക്ഷിച്ച് 57 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും ഇത് ഗൗരവമായാണ് കാണുന്നതെന്നും അധികൃതർ പറയുന്നു.