ജൂബിലി വർഷം: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ലൈവ് വെബ്ക്യാമുകൾ
Mail This Article
റോം ∙ ജൂബിലി വർഷത്തോടനുബന്ധിച്ച് നടത്തുന്ന സാങ്കേതിക പരിഷ്കാരങ്ങളുടെ ഭാഗമായി വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തത്സമയ സംപ്രേഷണത്തിനായി വെബ്‌ക്യാമറകൾ സ്ഥാപിക്കും. ലോകമെമ്പാടുമുള്ളവർക്ക് വത്തിക്കാനിലെ ജൂബിലി ചടങ്ങുകൾ തത്സമയം കാണാൻ സൗകര്യമൊരുക്കുന്ന ലൈവ് സ്ട്രീം സംവിധാനത്തിന്റെ ആദ്യഘട്ടം, ഡിസംബർ രണ്ടിന് ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ ക്രിസ്മസ് രാവിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധവാതിൽ ഫ്രാൻസിസ് മാർപാപ്പ തുറക്കുന്നതോടെയാണ് 2025 ജൂബിലിവർഷത്തിന്റെ ഔദ്യോഗിക തുടക്കമാകുന്നത്. ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച്, റോമിലേക്ക് യാത്ര ചെയ്യുകയും ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ കടന്നുപോകുകയും ചെയ്യുന്ന തീർഥാടകർക്ക് പൂർണമായ ദണ്ഡവിമോചനം ലഭിക്കും എന്നാണ് വിശ്വാസം.
റോമിലേക്ക് തീർഥാടനം നടത്താൻ കഴിയാത്തവർക്ക്, പ്രതീകാത്മക പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബസിലിക്കയുടെ വിശുദ്ധവാതിലിനു മുകളിലും വെബ്‌ക്യാമറ സ്ഥാപിക്കും. മൈക്രോസോഫ്റ്റുമായി സഹകരിച്ച് അത്യാധുനിക എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ത്രീഡി വെർച്വൽ പകർപ്പ് വത്തിക്കാൻ അടുത്തിടെ പുറത്തിറക്കിയിരുന്നു.
വിവിധ കാലയളവുകളിൽ എടുത്ത നാലുലക്ഷത്തോളം മിഴിവാർന്ന ചിത്രങ്ങളിൽനിന്നു സൃഷ്‌ടിച്ച ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പ്, ലോകത്തെവിടെ നിന്നും വെർച്വൽ തീർഥാടനം നടത്താൻ സന്ദർശകരെ അനുവദിക്കുന്ന തരത്തിലാണ് തയാറാക്കിയിരുന്നത്. 32 ദശലക്ഷത്തോളം തീർഥാടകരെയും വിനോദസഞ്ചാരികളെയുമാണ് ജൂബിലിവർഷത്തിൽ റോമിലേക്ക് പ്രതീക്ഷിക്കുന്നത്.