തൊഴിലന്വേഷക വീസ കാലാവധി നീട്ടി സ്പെയിൻ; ഉടൻ പ്രാബല്യത്തിൽ
Mail This Article
മാഡ്രിഡ് ∙ സ്പെയിനിലെ തൊഴിലന്വേഷക വീസകളുടെ കാലാവധി 12 മാസമായി നീട്ടും. നിലവിൽ 3 മാസമാണ് കാലാവധി. പുതിയ തീരുമാനം സ്പെയിനില്‍ ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കും. പുതിയ വ്യവസ്ഥ 2025 മെയ് മാസത്തിൽ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക കൂടിയാണ് ലക്ഷ്യം. പരിഷ്കരിച്ച ഇമിഗ്രേഷൻ നിയമത്തിന് കീഴിൽ വീസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു വർഷമായി നീട്ടുന്നതിലൂടെ രാജ്യത്തെത്തുന്ന വിദേശീയർക്ക് തൊഴിൽ കണ്ടെത്താനും റസിഡൻസി നിയമവിധേയമാക്കാനും കൂടുതൽ സമയം ലഭിക്കുമെന്നതാണ് വലിയ ആശ്വാസം.
2027 ഓടെ പ്രതിവര്‍ഷം 300,000 അനധികൃത കുടിയേറ്റക്കാരെ ക്രമപ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നുണ്ടെന്ന് സ്പാനിഷ് മൈഗ്രേഷന്‍ മന്ത്രി എല്‍മ സെയ്സ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 900,000 ക്രമരഹിത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നല്‍കും. തൊഴിലന്വേഷക വീസയില്‍ വിദേശീയർക്ക് സ്പെയിനിലെത്തി ജോലി അന്വേഷിക്കാം.
അനുയോജ്യമായ ജോലി കണ്ടെത്തിക്കഴിഞ്ഞാല്‍ റസിഡൻസിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവര്‍ക്ക് നിയമപരമായി സ്പെയിനില്‍ തുടരാം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നിലനിര്‍ത്താന്‍ ഏകദേശം 2,50,000 തൊഴിലാളികളെ ആവശ്യമാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു. 2025 മെയ് മാസത്തില്‍ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഇമിഗ്രേഷൻ മാറ്റങ്ങൾ കുടിയേറ്റക്കാര്‍ക്ക് താമസത്തിനും വര്‍ക്ക് പെര്‍മിറ്റുകൾക്കുമുള്ള നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.