ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിലെ മലയാളി സ്ഥാനാർഥി മഞ്ജു ദേവിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം. അയർലൻഡിലെ വോട്ടെണ്ണൽ പുരോഗമിക്കവെ മലയാളി സമൂഹം ഏറെ ആകാംഷയോടെ കാത്തിരുന്ന ഡബ്ലിൻ ഫിംഗൽ ഈസ്റ്റിലെ ഫിനഫാൾ സ്ഥാനാർഥി മഞ്ജു ദേവിക്ക്‌ ഇതുവരെ നേടാനായത് 963 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ മാത്രം. വോട്ടെണ്ണൽ ആറാം റൗണ്ടിലേക്ക് കടക്കുമ്പോൾ 8957 വോട്ടുകൾ നേടി മഞ്ജുവിന് ഒപ്പം ഒരേ പാനലിൽ മത്സരിച്ച ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇവിടെ നിന്നും 3 പ്രതിനിധികളാണ് പാർലമെന്റിലേക്ക് വിജയിക്കുക. മഞ്ജു നേടിയ 963 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളിൽ 500 ൽപ്പരം വോട്ടുകൾ കൈമാറ്റം ചെയ്‌താൽ മാത്രമെ മന്ത്രി ഡാരാ ഓ’ ബ്രീന് വിജയിക്കാൻ കഴിയുകയുള്ളു. ഡബ്ലിൻ ഫിംഗൽ ഈസ്റ്റിൽ ആകെ 15 സ്ഥാനാർഥികളാണ് മത്സരിച്ചത്. സിൻഫെയ്ൻ പാർട്ടി പ്രതിനിധിയായ അൽഗ്രോവ്സ്, ലേബർ പാർട്ടിയുടെ ഡങ്കൻ സ്മിത്ത് എന്നിവർ യഥാക്രമം 5711, 5554 വോട്ടുകളുമായി രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.

 ഇവർക്ക് കടുത്ത വെല്ലുവിളിയുമായി 5408 വോട്ടുകളുമായി ഫിനഗേൽ പാർട്ടിയുടെ അലൻ ഫാരൽ നാലാം സ്ഥാനത്ത് ഉണ്ട്. വോട്ടെണ്ണൽ പൂർത്തിയായൽ മാത്രമെ ഡാരാ ഓ’ ബ്രീന്  ഒപ്പം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ കുറിച്ച് അറിയുവാൻ കഴിയൂ. 963 വോട്ടുകൾ നേടിയ മഞ്ജു ദേവിയുടെ പ്രകടനത്തെ ഡബ്ലിൻ ഫിംഗൽ ഈസ്റ്റിലെ ഫിനഫാൾ പാർട്ടി ക്യാംപ് ഏറെ ആഹ്ലാദത്തോടെയാണ് വരവേൽക്കുന്നത്.

Image Credit: Fb/O'Brien Darragh
Image Credit: Fb/O'Brien Darragh

തിരഞ്ഞെടുപ്പിൽ ഒപ്പം മത്സരിച്ച സ്ഥാനാർഥി മികച്ച വിജയത്തിലേക്ക് എത്തുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും അയർലൻഡ് രാഷ്ട്രീയത്തിൽ പുതുമുഖമായ തനിക്ക് 963 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടാനായത് മികച്ച നേട്ടമായി കരുതുന്നുവെന്നും മഞ്ജു ദേവി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ഐറിഷ് ജനതയ്ക്ക് ഒപ്പം മണ്ഡലത്തിലെ മലയാളി സമൂഹം നൽകിയ പിന്തുണയാണ് ആയിരത്തിനടുത്ത് വോട്ടുകൾ നേടാൻ സഹായിച്ചത് എന്നും മഞ്ജു ദേവി കൂട്ടിച്ചേർത്തു.

താൻ നേടിയ വോട്ടുകൾ മന്ത്രി ഡാരാ ഓ’ ബ്രീന്റെ വിജയത്തിന് സഹായിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാഴ്ച കൊണ്ടാണ് ഇത്രത്തോളം വോട്ടുകൾ നേടാനായതെന്നും മഞ്ജു ദേവി പറഞ്ഞു.

English Summary:

Ireland's Malayali Candidate Manju Devi Failed in the Parliamentary Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com