ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം ഇക്കാലത്ത് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ
Mail This Article
വത്തിക്കാന്‍ സിറ്റി∙ ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം ഇക്കാലത്തും ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ ബന്ധത്തിലെ അംഗങ്ങളെന്ന സന്ദേശമാണ്. മതവിശ്വാസികൾ പരസ്പരാദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ജാതി, മത, സംസ്കാര ഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം നൽകിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീ നാരായണ ഗുരു എന്ന് പാപ്പാ അനുസ്മരിച്ചു.
വത്തിക്കാനിൽ നടക്കുന്ന ലോക മത പാർലമെന്‍റിൽ സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ഒന്നാം ശതാബ്ദി അനുസ്മരണത്തിന്‍റെ ഭാഗമായി മതാന്തര സംവാദത്തിനായുള്ള വിഭാഗത്തിന്‍റെ സഹകരണത്തോടെ "ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ്" സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ 200 ഓളം പേർ പങ്കെടുത്തു. വത്തിക്കാനിൽ ക്ലെമെന്റയിൻ ശാലയിലാണ് പരിപാടി.
മനുഷ്യന്‍റെ ജീവിതത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന മതങ്ങൾ ഒരുമയോടെ നീങ്ങേണ്ടത് എല്ലാ കാലഘട്ടത്തിലും ആവശ്യമാണെന്ന് നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാർ കൂവക്കാട്. ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ ഫാദർ ഡേവിസ് ചിറമ്മേൽ, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്ക് പുറമെ ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യ, ഇറ്റലി, ബഹ്‌റൈൻ, ഇന്തൊനീഷ്യ, അയർലൻഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി 15-ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി ഓൺലൈൻ എഡിറ്ററുമായ പി. ശ്രീകുമാറും പങ്കെടുക്കുന്നുണ്ട്. കെ.ജി. ബാബുരാജൻ ബഹ്‌റൈൻ (ചെയർമാൻ), ചാണ്ടി ഉമ്മൻ എംഎൽഎ (ജനറൽ കൺവീനർ), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവരാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.