ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ലോകസമാധാനത്തിനായി മതചിന്ത വെടിഞ്ഞ് എല്ലാ മനുഷ്യരും പ്രയത്നിക്കണമെന്ന ആഹ്വാനത്തോടെ വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു പരിസമാപ്തി. മാനവികതയുടെ ഏകത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന പ്രവണതകളെ മതനേതാക്കളുടെ ഇടപെടലിലൂടെ ഇല്ലായ്മ ചെയ്യണം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന സമ്മേളന സന്ദേശം എല്ലാ രാജ്യങ്ങളിലും മതമേലധ്യക്ഷരിലും എത്തിക്കും.

മതങ്ങൾ മനുഷ്യരുടെ കാഴ്ചപ്പാടുകളിൽ കൂടുതൽ പ്രകാശം പരത്താൻ ഇടയാകട്ടെയെന്ന് ‘ആത്മീയതയും സമാധാനവും’ എന്ന സെഷൻ ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ് ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. വിവേചനമില്ലാത്ത ലോകത്തിനുവേണ്ടി ഗുരുവിന്റെ വാക്കുകൾ ഏറ്റെടുത്തു പ്രവർത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘദർശികളുടെ ഐക്യദൂതുകൾ പ്രാർഥന പോലെ ഏറ്റെടുക്കണമെന്നു കർദിനാൾ ലസാരു ഹ്യൂങ് സിക് പറഞ്ഞു. ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി പ്രസിദ്ധീകരിക്കുമെന്നു ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും അറിയിച്ചു.സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വിവിധ ഭാഷകളിൽ സമാധാനരേഖയായി പ്രസിദ്ധീകരിക്കും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മോൺ. ഇൻജുനിൻ ജെ.കൊടിതുവാക്, ഫാ. മിഥുൻ ജെ.ഫ്രാൻസിസ്, മോൺ.സാന്തിയാഗോ മൈക്കേൽ, റവ.ജോർജ് മുത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, ഡോ.ലോറന്റ് ബാനനീസ്, ആന്റണി ബ്രൗൺ, ഫാ.ബെൻ ബോസ്, ആൻസിൽ കോമാട്ട്, സ്വാമിനി സുധാനന്ദഗിരി തുടങ്ങിയവർ വിവിധ സെഷനുകളിൽ ചർച്ച നയിച്ചു.‘ദൈവദശകം’ ഇറ്റാലിയൻ ഭാഷയിൽ ആലപിച്ച് ആരംഭിച്ച സെമിനാർ ശ്രീനാരായണഗുരു എഴുതിയ സർവമത പ്രാർഥനയോടെയാണു സമാപിച്ചത്.

∙ മഠത്തിന്റെ ശ്രമങ്ങൾക്ക് വത്തിക്കാന്റെ പിന്തുണ
ആലുവ സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരിമഠം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും വത്തിക്കാന്റെ സഹകരണമുണ്ടാകുമെന്ന് ആർച്ച്ബിഷപ് ജോർജ് ജേക്കബ് കൂവക്കാട് മഠം പ്രതിനിധികളെ അറിയിച്ചു. മതങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ വത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നടത്തുന്ന മതാന്തര സംവാദങ്ങൾക്ക് ഇന്ത്യയും വേദിയാകും. ലോക സമാധാനത്തിനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ നേരത്തേ അസീസിയിൽ സർവമത പ്രാർഥനായോഗം സംഘടിപ്പിച്ചിരുന്നതായി അദ്ദേഹം ശിവഗിരി പ്രതിനിധികളെ അറിയിച്ചു.

ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ധർമചൈതന്യ, സ്വാമി ഹംസതീർഥ, സ്വാമിനി ആര്യനന്ദാദേവി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

∙ ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം
ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ സ്മരണയ്ക്കായി ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം സ്ഥാപിക്കും. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പ്രാർഥനാകേന്ദ്രവും ധ്യാനമണ്ഡപവും ഉൾപ്പെടുന്ന ലോകനിലവാരമുള്ള മന്ദിരത്തിന്റെ രൂപരേഖയുടെ സമർപ്പണം ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു.നിർമാണം വൈകാതെ പൂർത്തിയാകും. ഏതു മത വിഭാഗത്തിൽപെട്ടവർക്കും ഇവിടെ പ്രാർഥന നടത്താമെന്നു മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

English Summary:

Concluding the Vatican Conference on Sivagiri Matam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com