യൂണിവേഴ്സിറ്റി സൊസൈറ്റി ഓഫ് ബോണ്‍ അവാര്‍ഡ് ഡോ. ജസ്റ്റിൻ അരീക്കലിന്
Mail This Article
ബോണ്‍ ∙ ബോണ്‍ യൂണിവേഴ്സിറ്റി സൊസൈറ്റിയുടെ 2024-ലെ ഡോക്ടറല്‍ പ്രൈസ് ജര്‍മനിയിലെ മലയാളിയായ ഡോ.ജസ്റ്റിൻ അരീക്കലിന് ലഭിച്ചു. 2009 മുതല്‍ ഡോക്ടറല്‍ സമ്മാനം നല്‍കി വരുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ദൈവശാസ്ത്രജ്ഞര്‍ക്ക് ഇത്തരമൊരു ഡോക്ടറല്‍ അവാര്‍ഡ് നല്‍കുന്നത്. ബോണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പ്രത്യേക പ്രബന്ധത്തിനുള്ള അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്. 10,000 യൂറോയാണ് അവാര്‍ഡ് തുക.
2023-ല്‍ ഡോ. ബോണ്‍ സര്‍വകലാശാലയിലെ കാത്തലിക് തിയോളജിക്കല്‍ ഫാക്കല്‍റ്റിയുടെ ഏറ്റവും മികച്ച ദൈവശാസ്ത്ര പ്രബന്ധത്തിനുള്ള പാക്സ് ബാങ്ക് സമ്മാനം ജസ്റ്റിന്‍ അരീക്കലിന് ലഭിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റി സൊസൈറ്റിയുടെ യൂണിവേഴ്സിറ്റി വൈഡ് ഡോക്ടറല്‍ അവാര്‍ഡിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഫാക്കല്‍റ്റി ജസ്റ്റിൻ ശുപാര്‍ശ ചെയ്തിരുന്നു.
ഗണിതശാസ്ത്രജ്ഞനും എപ്പിഡെമിയോളജിസ്ററുമായ പ്രൊഫ. ഡോ. മാക്സ് പി. ബൗവര്‍ തലവനായി വിവിധ ഫാക്കല്‍റ്റികളില്‍ നിന്നുള്ള പ്രഫസര്‍മാര്‍, യൂണിവേഴ്സിറ്റി ചാന്‍സലര്‍, യൂണിവേഴ്സിറ്റി സൊസൈറ്റിയിലെ മറ്റ് അംഗങ്ങള്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ബോണ്‍ യൂണിവേഴ്സിറ്റിയിലെ എല്ലാ ഫാക്കല്‍റ്റികളും സമര്‍പ്പിച്ച പ്രൊപ്പോസലുകളില്‍ നിന്ന് അവസാന സെലക്ഷന്‍ റൗണ്ടിലേക്ക് ആറ് പേരെയാണ് നിര്‍ദേശിച്ചത്. ഇവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്താണ് ഫൈനലിസ്റ്റിനെ കണ്ടെത്തിയത്.
ജ്യോതിശാസ്ത്രം മുതല്‍ ദൈവശാസ്ത്രം വരെയായിരുന്നു വിഷയങ്ങള്‍. സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായാണ് ഡോ. അരീക്കലിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നവംബര്‍ 12 ന് ബോണ്‍ സര്‍വകലാശാലയിലെ സിംഫണി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്.
അങ്കമാലി സ്വദേശികളായ കൊളോണില്‍ താമസിയ്ക്കുന്ന ഡേവിഡ്, സെലിന്‍ അരീക്കല്‍ ദമ്പതികളുടെ മകനായി ജസ്റ്റിന്‍ അരിക്കല്‍ 1985-ല്‍ കൊളോണിലാണ് ജനിച്ചത്. ബോണില്‍ നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. ആഡനൗവര്‍ ഫൗണ്ടേഷനില്‍ നിന്ന് ഡോക്ടറല്‍ സ്കോളര്‍ഷിപ്പ്, യേല്‍ യൂണിവേഴ്സിറ്റിയിലെ (യുഎസ്എ) പിഎച്ച്ഡി റിസര്‍ച്ച് സ്കോളര്‍റായി. ബോണില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റും നേടി. നിലവില്‍ വിയന്ന സര്‍വകലാശാലയിലെ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ സിസ്ററമാറ്റിക് തിയോളജി ആന്‍ഡ് എത്തിക്സില്‍ പോസ്റ്റ് - ഡോക്ടറായി ജോലിചെയ്യുന്നു.