പിതൃക്കൾക്ക് തർപ്പണം ചെയ്യാൻ പോളണ്ടിൽ നിന്നൊരു ‘പൂജ’
Mail This Article
മലപ്പുറം ∙ ക്ഷേത്രത്തിനുമുന്നിലൂടെ വടക്കോട്ടൊഴുകുന്ന പുഴ ഗംഗാ സമം എന്നാണ് വിശ്വാസം. എല്ലാ ദിവസവും ഒട്ടേറെപ്പേർ പിതൃതർപ്പണത്തിനായി എത്തുന്ന മേതൃക്കോവിൽ ക്ഷേത്രത്തിന്റെ പുഴക്കടവ് പോളണ്ടുകാരി കരോലിന റക്സിൻസ്കയ്ക്കു വേണ്ടിയും ഒരുങ്ങി. തന്റെ പ്രിയപ്പെട്ട മുത്തച്ഛൻ ബോഗ്ഡാനു വേണ്ടിയും മറ്റെല്ലാ പൂർവികർക്കു വേണ്ടിയും കരോലിന എന്ന ‘പൂജ’ ബലിയിട്ടു. ബലിച്ചോറുണ്ണാൻ വന്ന ബലിക്കാക്കയെ കണ്ടപ്പോൾ അവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി.
2001ൽ 17-ാം വയസ്സിലാണ് കരോലിന ആദ്യമായി ഇന്ത്യയിലെത്തുന്നത്. പിന്നീട് പലപ്പോഴായി ഇന്ത്യയുടെ മിക്കയിടത്തും സഞ്ചരിച്ചു. ആയുർവേദം, മെഡിറ്റേഷൻ എന്നിവ പരിശീലിക്കാനും തുടങ്ങി. ഓങ്കോളജിസ്റ്റായ കരോലിനയെ 28ാം വയസ്സിലാണ് കാൻസർ പിടികൂടുന്നത്. ഇപ്പോൾ പൂർണമായും രോഗമുക്തയായ ഇവർ ആയുർവേദമാണ് തന്റെ രോഗം മാറാൻ കാരണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇതിനുശേഷം കർണാടകയിലെ ഹാസൻ സർവകലാശാലയിൽ നിന്ന് ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ഇവർ പുണെയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടിസ് ചെയ്തിരുന്നു. കീമോ തെറപ്പിയിലൂടെ കടന്നുപോകുന്നവർക്കും കാൻസർ അതിജീവിതർക്കും വേണ്ടിയുള്ള ചികിത്സകളിലാണു കൂടുതൽ ശ്രദ്ധിക്കുന്നത്. ആയുർവേദത്തിൽ പിഎച്ച്ഡി എന്നതാണ് അടുത്ത സ്വപ്നം.
ഹിന്ദു മതത്തെപ്പറ്റയുള്ള പഠനങ്ങൾ പ്രധാനമായും നടത്തിയത് ആയുർവേദ ഡോക്ടറും ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രിയുമായ ഈയ്ക്കാട്ടു മന ഡോ. വികാസ് നീലകണ്ഠൻ നമ്പൂതിരിപ്പാടിൽ നിന്നാണ്. താന്ത്രിക് സയൻസിൽ പിഎച്ച്ഡിയുള്ള മേതൃക്കോവിൽ ക്ഷേത്രം തന്ത്രി ഡോ. മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിക്കാനെത്തിയതോടെയാണ് ക്ഷേത്രത്തേപ്പറ്റി കൂടുതൽ അറിഞ്ഞതും ആദ്യത്തെ തർപ്പണത്തിന് ഇവിടെ എത്തുന്നതും.
ഹിന്ദു മതം സ്വീകരിച്ചതോടെ പേര് പൂജ എന്നാക്കി. ഗംഗോത്രി, ഗോമുഖ്, ബദരീനാഥ്, കേരളത്തിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. 12 ദിവസത്തോളം മലപ്പുറത്ത് തങ്ങുന്ന കരോലിന ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കുന്നുണ്ട്. കേരളത്തിന്റെ രുചികളും കാലാവസ്ഥയും സംസ്കാരവുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന കരോലിനയ്ക്ക് കേരളം ഇപ്പോൾ തന്റെ രണ്ടാമത്തെ വീടാണ്.