'ക്വാളിറ്റി ഓഫ് ലിവിങ്' വേൾഡ് റാങ്കിങ്ങിൽ മുന്നിൽ സ്വിസ് നഗരങ്ങൾ; ഇന്ത്യയിൽ മികച്ചത് ഹൈദരാബാദ്
Mail This Article
സൂറിക്∙ നഗരങ്ങളുടെ 'ക്വാളിറ്റി ഓഫ് ലിവിങ്' വേൾഡ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വിസ് നഗരമായ സൂറിക്കിന്. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ മെർസർ, ലോകത്തെ തിരഞ്ഞെടുത്ത 250 നഗരങ്ങളിലെ മികച്ച ജീവിത നിലവാരം അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ രണ്ടാമത് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയും, മൂന്നാം സ്ഥാനത്ത് സ്വിസ് നഗരമായ ജനീവയുമാണ്. ബേൺ (9), ബാസൽ (10) ഉൾപ്പെടെ നാല് സ്വിസ് നഗരങ്ങളാണ് ആദ്യ 10 ൽ ഇടംപിടിച്ചത്. ഇന്ത്യൻ നഗരങ്ങളിൽ ഹൈദരാബാദാണ് (150) വേൾഡ് റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ.
ജീവിത നിലവാര സൂചികയ്ക്ക് അടിസ്ഥാനമായ 39 ഘടകങ്ങളെ ആധാരമാക്കി നടത്തിയ റാങ്കിങ്ങിൽ കോപ്പൻഹേഗൻ, ഓക്‌ലൻഡ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, വാൻകൂവർ എന്നീ നഗരങ്ങളും ആദ്യ 10ൽ സ്ഥാനം പിടിച്ചു. ആദ്യ പത്തിലെ എട്ടെണ്ണത്തിലും യൂറോപ്യൻ നഗരങ്ങൾ എന്നതുപോലെ, ആദ്യ 50ലും യൂറോപ്യൻ നഗരങ്ങൾക്കാണ് മേധാവിത്വം. മികച്ച ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ നഗരങ്ങളും മുന്നിലെത്തി. സിംഗപ്പൂരാണ് (30) ആദ്യ 50ൽ ഇടംപിടിച്ച ഏക ഏഷ്യൻ നഗരം.
യഥാക്രമം മ്യൂണിക്ക്, സിഡ്‌നി,ടൊറന്‍റോ, ദ ഹേഗ്, വെല്ലിങ്‌ടൻ, ഡ്യൂസൽഡോർഫ്, ലക്‌സംബർഗ്, സ്റ്റോക്ക്‌ഹോം, ബർലിൻ, ഒട്ടാവ എന്നീ നഗരങ്ങളാണ് 11 മുതൽ 20 വരെയുള്ള സ്ഥാനങ്ങളിൽ. അതാത് ദേശങ്ങളിൽ, മിഡിൽ ഈസ്റ്റിൽ നിന്നും ദുബായ് (83), അബുദാബി (85), ആഫ്രിക്കയിൽ നിന്നും പോർട്ട് ലൂയിസ് (88), സൗത്ത് അമേരിക്കയിൽ നിന്നും ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവീഡിയോ (92)യും ജീവിത നിലവാരത്തിൽ മുന്നിലെത്തിയ നഗരങ്ങളായി.
സനാ (യെമൻ), ബങ്കുയി (സെൻട്രൽ ആഫ്രിക്ക), ബാഗ്‌ദാദ് (ഇറാഖ്), സുഡാൻ നഗരമായ ഖാർത്തൂം എന്നീ നഗരങ്ങളാണ് 250 ലോക നഗര പട്ടികയിൽ ഏറ്റവും പിന്നിൽ. പൂനെ (154), ബെംഗളൂരു (156), മുംബൈ (158), ചെന്നൈ (161), കൊൽക്കത്ത (170), ന്യൂഡൽഹി (173) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിലെ സ്ഥാനം.