പോളണ്ടിൽ ചെന്ന് ക്രിസ്മസിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; വ്യത്യസ്തം 'ബോഷേ നറോദ്‌സീനിയേ', ആരും ഒറ്റപ്പെടാൻ പാടില്ല!
Mail This Article
മധ്യയൂറോപ്പിലെ കുഞ്ഞൻ രാജ്യമായ പോളണ്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തവും രസകരവുമാണ്. ബോഷേ നറോദ്‌സീനിയേ എന്നാൽ പോളിഷ് ഭാഷയിലെ ക്രിസ്മസ്. പോളണ്ടിലെ ജനതയ്ക്ക് ഒത്തുകൂടലിന്റെ ദിനങ്ങളാണ് ക്രിസ്മസ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തൊരുമിച്ച് ഭക്ഷണം കഴിച്ച് ഉണ്ണിയേശുവിന്റെ പിറന്നാൾ കൊണ്ടാടുന്നു.
ക്രിസ്മസ് ദിനത്തിൽ ആരും ഒറ്റപ്പെടാൻ പാടില്ല എന്ന വലിയ സന്ദേശമാണ് പോളണ്ട് ലോകത്തിനു നൽകുന്നത്. ഡിസംബർ 24നു വൈകുന്നേരം തുടക്കമിടുന്ന ആഘോഷങ്ങൾ 26ന് അവസാനിക്കും. 25, 26 തീയതികൾ പോളണ്ടിൽ അവധിയാണ്. 24നു വൈകിട്ട് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നതിനെ പോളിഷിൽ വിഗീലിയ എന്നു പറയുന്നു. 12 തരത്തിലുള്ള വിഭവങ്ങളൊരുക്കിയാണ് വിഗീലിയ ആഘോഷമാക്കുന്നത്. ബീറ്റ്റൂട്ട് സൂപ്പ്, പിറോഗി (കൂൺ, കാബേജ്, ഫില്ലിങ് നിറച്ച പലഹാരം), ഡ്രൈഡ് ഫ്രൂട്സ് ജൂസ്, ചീസ് കേക്ക് എന്നിവ ഉൾപ്പെടുന്നതാണ് വിഭവങ്ങൾ.
ഇവിടത്തുകാർ ക്രിസ്മസിന്റെ തലേന്നു മീറ്റ് കഴിക്കാറില്ല. മത്സ്യം, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചാണ് ആഹാരം തയാറാക്കുന്നത്. കാർപ് എന്ന മത്സ്യമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ക്രിസ്മസ് തലേന്ന് ആദ്യത്തെ നക്ഷത്രം ആകാശത്ത് തെളിഞ്ഞശേഷം ക്രിസ്മസ് സ്പെഷലായിട്ട് ഉണ്ടാക്കുന്ന വേഫർ കുടുംബാഗങ്ങൾക്കു നൽകുകയും പരസ്പരം ആശംസകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിനുശേഷമാണ് അത്താഴം കഴിക്കുന്നത്.
അത്താഴമേശയ്ക്ക് സമീപം ഒരു കസേര ഒഴിച്ചിടാറുണ്ട്. അപ്രതീക്ഷിതമായി വീട്ടിലേക്കെത്തുന്ന അതിഥികൾക്കുള്ളതാണ് ഈ ഇരിപ്പിടം. അത്താഴശേഷം പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു. രാത്രി പള്ളിയിൽ പ്രാർഥനയുടെ ഭാഗമാകുന്നു. എല്ലാ വീടുകളിലും ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്. ക്രിസ്മസ് ട്രീയുടെ ചുവട്ടിലാണ് കുഞ്ഞുങ്ങൾക്കായുള്ള സമ്മാനങ്ങൾ ഒളിപ്പിച്ചുവയ്ക്കാറുള്ളത്. കഴിഞ്ഞ വർഷം നല്ല കുട്ടിയായിട്ടിരുന്ന കുരുന്നുകൾക്ക് മാത്രമാണ് സമ്മാനം നൽകുക. കുസൃതിക്കുടുക്കകൾക്ക് കൽക്കരി, ചുള്ളിക്കമ്പുകൾ എന്നിവ നൽകുന്നു. മിക്ക രാജ്യങ്ങളിലും സാന്താക്ലോസാണ് സമ്മാനം കൊണ്ടുവരുന്നതെന്നതാണ് വിശ്വസിക്കുന്നത്. എന്നാൽ മാലാഖ, ഉണ്ണിയേശു, നക്ഷത്രം ഇവരിൽ ആരെങ്കിലും ക്രിസ്മസ് ദിനത്തിൽ സമ്മാനങ്ങൾ കൊണ്ടുവരുമെന്നാണു പോളണ്ടുകാരുടെ വിശ്വാസം.