വേൾഡ് റോബട് ഒളിംപ്യാഡിൽ തിളങ്ങി മലയാളി വിദ്യാർഥികൾ; ഈ വേദിയിലെത്തിയ ഏക ഇന്ത്യൻ ടീം
Mail This Article
തിരുവനന്തപുരം ∙ തുർക്കിയിൽ നടന്ന വേൾഡ് റോബട് ഒളിംപ്യാഡിൽ (ഡബ്ല്യുആർഒ-2024) മലയാളി സ്റ്റാർട്ടപ് ടീമിന് മൂന്നാം സ്ഥാനം. മലയാളി സ്റ്റാർട്ടപ് കമ്പനിയായ യുണീക് വേൾഡ് റോബട്ടിക്സ് (യുഡബ്ല്യുആർ) എന്ന സ്ഥാപനത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥികളായ സഹോദരിമാർ കാതലീൻ മേരി ജീസൻ (12), ക്ലെയർ റോസ് ജീസൻ (9) എന്നിവരാണ് ഫ്യൂച്ചർ ഇന്നവേറ്റേഴ്സ് വിഭാഗത്തിൽ നാനൂറിലധികം ടീമുകളുമായി മത്സരിച്ച് നേട്ടം കൈവരിച്ചത്.
ഇന്ത്യയിൽ നിന്ന് ഈ വേദിയിലെത്തിയ ഏക ടീമും ഇവരുടേതാണ്. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കവും തുടർന്നുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളുമാണ് ഇവരുടെ ആശയം രൂപപ്പെടുത്തിയത്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ജീവൻരക്ഷാ ചങ്ങാടമായും അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനമായും പ്രവർത്തിക്കുന്ന അക്വാ റെസ്ക്യു റാഫ്റ്റ് 1.0 എന്ന ഉപകരണത്തിന്റെ ആശയമാണ് ഇവർ വികസിപ്പിച്ചത്.
ദുരന്തനിവാരണം, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മാലിന്യം നീക്കം ചെയ്യൽ എന്നിവയ്ക്ക് ഈ ഉപകരണം ഉപയോഗിക്കാം. ശേഖരിക്കുന്ന വിവരങ്ങൾ അക്വാ വാച്ച് ആപ്പ് വഴി പങ്കിടാനാകും. യുഡബ്ല്യുആറിലെ മെന്റർമാരായ ബൻസൻ തോമസ് ജോർജ്, അഖില ആർ.ഗോമസ്, എം.ഡി.ഡിക്സൺ, ജിതിൻ അനു ജോസ്, മോനിഷ് മോഹൻ എന്നിവരാണ് വിദ്യാർഥികൾക്കു മാർഗനിർദേശം നൽകിയത്.