വത്തിക്കാനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 125 പുൽക്കൂടുകളുടെ പ്രദർശനം എട്ടിനു തുടങ്ങും
Mail This Article
റോം ∙ ക്രിസ്മസ് ആഘോഷങ്ങളോടാനുബന്ധിച്ചു സംഘടിപ്പിക്കുന്ന, വത്തിക്കാനിലെ രാജ്യാന്തര നേറ്റിവിറ്റി ക്രിബ് എക്‌സിബിഷൻ - ‘100 പ്രെസെപ്പി’യുടെ 2024 പതിപ്പ് ഡിസംബർ എട്ടുമുതൽ 2025 ജനുവരി ആറുവരെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കും. ഓരോവർഷവും ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള 100 പുൽക്കൂടുകളാണ് വത്തിക്കാനിൽ പ്രദർശിപ്പിക്കുന്നത്. ഇത്തവണ 125 പുൽക്കൂടുകളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ ക്രിസ്മസ് രാവിൽ ഔദ്യോഗികമായി ആരംഭിക്കുന്ന 2025 ജൂബിലിവർഷത്തിനായി വത്തിക്കാൻ തയാറെടുക്കുന്നതിനിടെയാണ്, 125 പുൽക്കൂടുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്. 18, 19 നൂറ്റാണ്ടുകളിലെ പരമ്പരാഗത നെപ്പോളിയൻ, റോമൻ പുൽക്കൂടുകളുടെ സമകാലിക പകർപ്പുകൾക്കു പുറമേ, മരം, കല്ല്, ടെറാക്കോട്ട എന്നിവയിൽ നിർമ്മിച്ച പുൽക്കൂടുകളും, മണൽ, അരി, ലോഹം തുടങ്ങിയ വസ്തുക്കളിൽ നിർമിച്ചവയും പ്രദർശനത്തിനുണ്ടാകും. റോമിലെ സിറ്റിബസിനുള്ളിൽ തയാറാക്കിയ പുൽക്കൂടാണ് പ്രദർശനത്തിലെ മറ്റൊരു ആകർഷണം.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഇരുവശങ്ങളിലുമുള്ള കൂറ്റൻ തൂണുകൾക്കിടയിലെ ഇടനാഴിയിലാണ് പ്രദർശനം തയാറാക്കുക. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7.30 വരെയുള്ള പ്രദർശനം സൗജന്യമാണ്. വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ സ്ഥാപിക്കുന്ന പരമ്പരാഗത ക്രിസ്‌മസ് ട്രീയിലെ വൈദ്യുത ദീപങ്ങളുടെ പ്രകാശിപ്പിക്കൽ ശനിയാഴ്ച നടക്കും. വടക്കൻ ഇറ്റലിയിലെ കോമോയിൽനിന്നു കൊണ്ടുവന്നിട്ടുള്ള, 22 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാപിക്കുന്നത്.