46 കോടിയുടെ ‘സുവർണ്ണ ക്രിസ്മസ് ട്രീ’യുമായി പ്രോ ഔറം
Mail This Article
ബര്‍ലിന്‍ ∙ ക്രിസ്മസ് ആഘോഷങ്ങൾക്ക് സുവർണ്ണ ശോഭ പകർന്ന് സ്വർണത്തിൽ തീർത്ത ക്രിസ്മസ് ട്രീയുമായി ജർമനിയിലെ ഗോൾഡ് സ്മിത്ത് കമ്പനിയായ പ്രോ ഔറം . ബവേറിയൻ തലസ്ഥാനമായ മ്യൂണിക്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർണ വ്യാപാരികളാണ് പ്രോ ഔറം.
60 കിലോഗ്രാം ഭാരമുള്ള ക്രിസ്മസ് ട്രീയാണ് സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്നത്. പത്തടിയോളം (2.5 മീറ്റർ) ഉയരമുണ്ട് ക്രിസ്മസ് ട്രീക്ക്. ക്രിസ്മസ് ട്രീക്ക് മുകളിൽ സ്റ്റാറിന് പകരം സ്വർണ നാണയമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 5.2 മില്യൻ യൂറോ (46 കോടി രൂപ) വിലമതിക്കുന്ന സ്വർണം ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പ്രോ ഔറം എന്ന സ്വർണ വ്യാപാര സ്ഥാപനം തുടങ്ങിയിട്ട് 35 വർഷങ്ങൾ പിന്നിടുന്നതിന്റെ വാർഷികാഘോഷങ്ങൾ വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായാണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്.
ലോകത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ അബുദാബിയിലാണ്. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ തയ്യാറാക്കിയ ക്രിസ്മസ് ട്രീയുടെ വില 11 മില്യൻ ഡോളറാണ് കണക്ക്. വജ്രങ്ങളും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിരുന്നു.