യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തം
Mail This Article
ബര്‍ലിന്‍ ∙ ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്‍റെ ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക പ്രകാരം യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമതെത്തി. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇനി ലോകമെമ്പാടുമുള്ള 180 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസാ രഹിത പ്രവേശനം നേടാം. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 53 രാജ്യങ്ങൾ ഇപ്പോൾ വീസ-ഓൺ-അറൈവൽ അല്ലെങ്കിൽ ഇ-വീസ അനുവദിക്കുന്നുണ്ട്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 198 രാജ്യങ്ങളിൽ 18 രാജ്യങ്ങളിലേക്ക് മാത്രമേ മുൻകൂട്ടി അംഗീകാരമുള്ള വീസ ആവശ്യമുള്ളൂ. 180 വീസാരഹിത ലക്ഷ്യസ്ഥാനങ്ങളുമായി യുഎഇയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് സ്പെയിനാണ്. 179 രാജ്യങ്ങളിലേക്ക് സ്പെയിൻ പാസ്പോർട്ട് ഉടമകൾക്ക് പ്രവേശനം ലഭിക്കും.
മൂന്നാം സ്ഥാനത്ത് 178 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവയുൾപ്പെടെ 14 രാജ്യങ്ങളാണ്. സ്വീഡൻ, പോളണ്ട്, ഹംഗറി എന്നിവ 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നേടി നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്ത് ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടങ്ങളിലെ പൗരന്മാർക്ക് 176 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്. ഇന്ത്യയുടെ സ്ഥാനം 144 മതാണ്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 21 വയസ്സോ അതിൽ കൂടുതലോ ഉള്ള യുഎഇ പൗരന്മാർക്ക് 10 വർഷം വരെ കാലാവധിയുള്ള യുഎഇ പാസ്പോർട്ടുകൾ നൽകാനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചിട്ടുണ്ട്. നേരെമറിച്ച്, 2024 ലെ ഏറ്റവും ദുർബലമായ പാസ്പോർട്ടായി സിറിയയെ തിരഞ്ഞെടുത്തു. മൊബിലിറ്റി സ്കോർ 39 ആയ സിറിയൻ പാസ്പോർട്ട് ഉടമകൾക്ക് വീസയില്ലാതെ ഒൻപത് രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. 30 രാജ്യങ്ങളിൽ വീസ ലഭിക്കും. 159 രാജ്യങ്ങൾക്ക് പ്രവേശനത്തിന് വീസ ആവശ്യമാണ്.