ബ്രെക്‌സിറ്റ് പിൻവലിച്ചേക്കും; യുകെ സർക്കാർ ‘സറണ്ടർ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോർട്ട്
Mail This Article
ലണ്ടൻ ∙ ബ്രെക്‌സിറ്റിൽ നിന്ന് യുകെ പിന്തിരിയുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപ്പാക്കിയതിൽ നിന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താൻ യുകെ സർക്കാർ ‘സറണ്ടർ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോർട്ട്. ഡെയ്ലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
100ലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള 2016ലെ വോട്ടെടുപ്പിലെ തീരുമാനത്തിൽ നിന്ന് യുകെ പിന്തിരിയുന്നതിനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യുവാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ സ്വീകാര്യത, 2026ന് ശേഷം യൂറോപ്യൻ രാജ്യങ്ങൾക്ക് ബ്രിട്ടിഷ് കടലിൽ മത്സ്യബന്ധനം നടത്താനുള്ള അവകാശം എന്നിവ ചർച്ചകളിൽ ഉൾപ്പെടും.
യൂറോപ്യൻ യൂണിയനുമായി പുതിയ സുരക്ഷാ കരാറിലും ധാരണയിലെത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ യോഗത്തിൽ ചാൻസലർ റേച്ചൽ റീവ്സ് പങ്കെടുക്കും.
യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി യോജിപ്പിച്ച് യുകെ നിയമം തിരുത്താനും യൂറോപ്യൻ യൂണിയൻ നിയമം തിരികെ കൊണ്ടുവരാനും മത്സ്യബന്ധന സ്ഥലങ്ങൾ വിട്ടുകൊടുക്കാനും സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും സഹകരണം ശക്തിപ്പെടുത്താനും വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാനും സാമ്പത്തിക വളർച്ചയെ സഹായിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗവൺമെന്‍റ് വക്താവ് പറഞ്ഞു.