ക്രിസ്മസ് നാളിൽ സെൻട്രൽ ലണ്ടനിൽ യൂലെസ് നിരക്കില്ല, പുതുവൽസരം വരെ കൺജഷനിലും ഇളവ്
Mail This Article
ലണ്ടൻ ∙ ലണ്ടനിൽ വാഹനം ഓടിക്കുന്നവർക്ക് ആശ്വാസമായി ക്രിസ്മസ്, ന്യൂഇയർ സമയങ്ങളിൽ കൺജഷൻ , യൂലെസ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ലണ്ടൻ ട്രാൻസ്പോർട്ട് അധികൃതരുടേതാണ് നടപടി. ക്രിസ്മസ് ദിനത്തിൽ ലണ്ടൻ ട്യൂബ്, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ.
ക്രിസ്മസ് മുതൽ പുതുവൽസരം വരെയുള്ള എട്ടുദിവസം സെൻട്രൽ ലണ്ടനിൽ വാഹനം ഓടിക്കുന്നവർക്ക് പ്രതിദിനം 15 പൗണ്ട് വരുന്ന കൺജഷൻ ചാർജ് നൽകേണ്ടതില്ല. അതേസമയം പ്രതിദിനം 12.50 വീതം നൽകേണ്ട അൾട്രാ എമിഷൻ സോൺ ചാർജ് (യൂലെസ്) ക്രിസ്മസ് ദിനത്തിൽ ഒഴികെ മറ്റെല്ലാ ദിവസവും തുടരും.
ലണ്ടനിലേയ്ക്ക് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തുന്ന വാഹനങ്ങൾക്കാണ് യൂലെസ് ചാർജ് ചുമത്തുന്നത്. ലണ്ടൻ നഗരത്തിന്റെ അതിർത്തിയിൽപെട്ട 32 ബറോകളിലും ഈ നിയന്ത്രണം ബാധകമാണ്. നഗരത്തെ കാർബൺ വിമുക്തമാക്കാനുള്ള മേയർ സാദിഖ് ഖാന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാണ് ഈ കടുത്ത നിയന്ത്രണം. യാത്ര ചെയ്ത് മൂന്നാം ദിവസം അർധരാത്രിക്ക് മുൻപ് തുക അടച്ചില്ലെങ്കിൽ പിഴത്തുക 180 പൗണ്ടായി ഉയരും.
യൂലെസ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഹെവി വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 300 പൗണ്ടാണ് പിഴ. ഇതിന് ഉത്സവ കാലത്ത് ഒരിളവും ഉണ്ടാകില്ല. ക്രിസ്മസ് ദിനമായ ഡിസംബർ 25ന് ലണ്ടൻ ട്യൂബ്, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്നും ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. 26ന്ബോക്സിങ് ദിനത്തിലും ഭാഗികമായി മാത്രമാകും സർവീസുകൾ തുടരുക.