ഓസ്‌ട്രേലിയൻ യുവതിയെ ലണ്ടനിൽ കാണാതായി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്
Mail This Article
ലണ്ടൻ∙ തെക്കൻ ലണ്ടനിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ ഓസ്‌ട്രേലിയൻ യുവതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 29 കാരിയായ ജെസിക്ക പാർക്കിൻസണിനെ രണ്ടാഴ്ച മുൻപാണ് കാണാതായത്. സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് വിചിത്രമായ മറുപടികൾ നൽകിയ ശേഷമാണ് ജെസിക്ക അപ്രത്യക്ഷയായത്. ഡിസംബർ എട്ടിന് ക്വീൻസ്‌ലാൻഡിലെ ബന്ധുക്കളുമായി സമ്പർക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
ടെക്സസ് ജോസ് എന്ന റസ്റ്ററന്‍റിൽ വെയ്ട്രസ് ആയി ജോലി ചെയ്തിരുന്ന ജെസിക്ക തുടർച്ചയായി നാല് ഷിഫ്റ്റുകളിൽ ജോലിക്ക് ഹാജരായില്ല. മാനേജർ സന്ദേശമയച്ചപ്പോൾ, പുറപ്പെടാൻ വൈകി ഉടൻ എത്തുമെന്നുമായിരുന്നു മറുപടി. എന്നാൽ, ജെസിക്ക എത്തിയില്ല. ഒരു സഹപ്രവർത്തകന് വിചിത്രമായ സന്ദേശം അയച്ചിരുന്നുവെങ്കിലും ജോലിക്ക് വരാത്തതിനെ കുറിച്ച് അതിൽ പരാമർശമില്ലായിരുന്നു.
താമസ സ്ഥലവുമായി ബന്ധപ്പെട്ട് ജെസിക്ക പ്രയാസങ്ങൾ നേരിട്ടിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഷെയർ ഫ്ലാറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ജെസിക്ക ബറോ ഹൈ സ്ട്രീറ്റിലെ സെന്‍റ് ക്രിസ്റ്റഫർ ഇൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അഞ്ചടി നാലിഞ്ച് ഉയരവും ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ജെസിക്കയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്ന് മെറ്റ് പൊലീസ് അറിയിച്ചു.