ബാറ്ററി പൊട്ടിത്തെറിച്ചു: ഇ-ബൈക്ക് തീപിടിത്തത്തിൽ ലണ്ടനിൽ വീട് കത്തിനശിച്ചു; ഒരാൾക്ക് പരുക്ക്
Mail This Article
ലണ്ടൻ∙ ഇ-ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് ലണ്ടനിൽ ഒരു വീട് പൂർണമായും കത്തിനശിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കാറ്റ്ഫോർഡിലെ റെൻഷോ ക്ലോസിലാണ് സംഭവം. ഇ-ബൈക്കിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ലണ്ടൻ അഗ്നിശമന സേന (എൽഎഫ്ബി) അറിയിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് വീടിന്‍റെ മേൽക്കൂരയിൽ നിന്ന് വീണ് ഗുരുതരമായ പരുക്ക് പറ്റി. മറ്റൊരാളെ എൽഎഫ്ബി അംഗങ്ങൾ രക്ഷപ്പെടുത്തി. പരുക്കേറ്റയാൾക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സ നൽകിയതായി എൽഎഫ്ബി ഡപ്യൂട്ടി അസിസ്റ്റന്‍റ് കമ്മീഷണർ റിച്ചഡ് ഫീൽഡ് പറഞ്ഞു.
പരമ്പരാഗത പെഡൽ സൈക്കിളിൽ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച് പരിവർത്തനം ചെയ്തതാണ് അപകടത്തിൽപ്പെട്ട ഇ-ബൈക്ക്. തീപിടിത്ത സമയത്ത് ബൈക്ക് ചാർജ് ചെയ്യുകയായിരുന്നുവെന്നും എൽഎഫ്ബി അറിയിച്ചു. തീപിടിത്തത്തിൽ വീടിന്‍റെ ഒന്നാം നിലയുടെ ഭൂരിഭാഗവും കത്തിനശിച്ചു. ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് ബൈക്ക് എന്ന് വീട്ടുകാർ അറിയിച്ചു.
ഈ വർഷം ലണ്ടനിൽ ഏകദേശം 160 ഇ-ബൈക്ക്, ഇ-സ്കൂട്ടർ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇ-ബൈക്കുകളിലെയും ഇ-സ്കൂട്ടറുകളിലെയും ബാറ്ററികൾ പരിഷ്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ അപകടകരമായ തീപിടിത്തത്തിന് കാരണമാകുമെന്ന് ചാരിറ്റി ഇലക്ട്രിക്കൽ സേഫ്റ്റി ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ലെസ്ലി റൂഡ് പറഞ്ഞു. ഇത്തരത്തിൽ മോഡിഫൈ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ മാത്രം വാങ്ങണമെന്ന് ഡിപ്പാർട്ട്മെന്‍റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് മുന്നറിയിപ്പ് നൽകി.