ഗോവണി വില്ലനായി:പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു
Mail This Article
ലണ്ടൻ∙ ഈസ്റ്റ് മിഡ്‌ലാൻഡ്സ് എയർപോർട്ടിൽ പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടിഷ് വിമാനക്കമ്പനിയായ ടിയുഐ എയർവേയ്‌സിലെ എയർഹോസ്റ്റസാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന് അറിയാതെയാണ് എയർഹോസ്റ്റസ് താഴേക്ക് കാലെടുത്തുവെച്ചത്.
ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് ഉടൻ തന്നെ സ്ഥലത്തെത്തി എയർഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഗോവണി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതി വിമാനത്തിന്‍റെ വാതിൽ തുറന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു എയർഹോസ്റ്റസ്. എന്നാൽ ഗോവണി മാറ്റിയിരുന്നതിനാൽ എയർഹോസ്റ്റസ് താഴേക്ക് വീഴുകയായിരുന്നു.
"എയർഹോസ്റ്റസ് വാതിൽ തുറന്ന് പുറത്തേക്ക് കാലെടുത്തുവെച്ചു, എന്നാൽ ഗോവണി അവിടെ ഉണ്ടായിരുന്നില്ല. താഴേക്ക് വീണു. പരുക്കേറ്റതായിട്ടാണ് കേട്ടത്" ഒരു ദൃക്സാക്ഷി പറഞ്ഞു.
എയർ ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് (എഎഐബി) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയർഹോസ്റ്റസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ സൈമൺ ഹിഞ്ച്ലി പറഞ്ഞു.