ADVERTISEMENT

ലണ്ടൻ ∙  ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന റിഫോം-യുകെ പാർട്ടി, അംഗബലത്തിൽ കൺസർവേറ്റിവിനെ മറികടന്നെന്ന അവകാശ വാദവുമായി രംഗത്ത്. പാർട്ടി നേതാവ് നൈജൽ ഫെറാജാണ് ബോക്സിങ് ഡേയിൽ ഈ പുതിയ അവകാശവാദം ഉന്നയിച്ചത്. മുഖ്യ പ്രതിപക്ഷമായ ടോറി പാർട്ടിയെ (കൺസർവേറ്റിവ്) അംഗങ്ങളുടെ എണ്ണത്തിൽ തങ്ങൾ മറികടന്നു എന്നായിരുന്നു ഫെറാജിന്റെ പ്രസ്താവന.

കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉണ്ടായിരുന്ന ടോറി അംഗങ്ങളുടെ എണ്ണം 131,680 ആണ്. റിഫോം പാർട്ടിയുടെ വെബ്സൈറ്റിലെ ഡിജിറ്റൽ ട്രാക്കറിൽ അംഗങ്ങളുടെ എണ്ണം ഇതിലും ഏറെയായെന്നായിരുന്നു ഫെറാജിന്റെ അവകാശവാദം.

ഫെറാജ് പറയുന്നത് കള്ളക്കണക്കാണെന്നും ഡിജിറ്റൽ തട്ടിപ്പിലൂടെയുള്ള പെരുപ്പിച്ച സംഖ്യയാണിതെന്നും പറഞ്ഞാണ്  കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബാഡ്നോക് ഇതിനെ പ്രതിരോധിച്ചത്. എന്നാൽ ഇരു പാർട്ടികളുടെയും അംഗങ്ങളുടെ എണ്ണം ഒരേ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ തയാറാണോ എന്ന മറുചോദ്യമാണ് ഇക്കാര്യത്തിൽ ഫെറാജിനുള്ളത്. എന്തായാലും രണ്ടു ദിവസമായി ബ്രിട്ടിഷ് രാഷ്ട്രീയം ചർച്ചചെയ്യുന്നത് പ്രതിപക്ഷത്തെ രണ്ടു മുഖ്യ പാർട്ടികൾ തമ്മിലുള്ള അംഗബല തർക്കമാണ്.

ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കാണ് ഏറ്റവും അധികം അംഗങ്ങളുള്ളത് – 366,604. മുഖ്യ പ്രതിപക്ഷമായ ടോറി അഥവ കൺസർവേറ്റിവ് പാർട്ടിക്കുള്ളത് 131,689 പേരാണ്. മറ്റൊരു പ്രമുഖ ദേശീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിനുള്ളത് 90,000 പേരും ഈ കണക്കിൽ 138,000ൽ അധികം അംഗങ്ങളുമായി ടോറിയെ മറികടന്നെന്നാണ് റിഫോം പാർട്ടി അവകാശപ്പെടുന്നത്. രാജ്യത്ത് അതിവേഗം വളരുന്ന പാർട്ടി എന്നാണ് റിഫോം പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത്. ലൈവ് മെംബർഷിപ്പ് ടിക്കറിലൂടെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ ഈ അവകാശവാദം. എന്നാൽ ഇത് വെറും ഡിജിറ്റൽ തട്ടിപ്പാണെന്നാണ് മറ്റു കക്ഷികൾ ആരോപിക്കുന്നത്. വെബ്സൈറ്റിലൂടെ ആർക്കും ഇത്തരത്തിൽ റിഫോം പാർട്ടിയിൽ അംഗമാകാം. ഓരോ നിമിഷവും ഉയർന്നുകൊണ്ടിരിക്കുന്ന കണക്കുതന്നെയാണ് ഈ തട്ടിപ്പിന്റെ തെളിവെന്നും മറ്റു കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.

കണക്കുകൾ ഡിജിറ്റൽ തട്ടിപ്പാണെങ്കിലും അല്ലെങ്കിലും റിഫോം യുകെയെന്ന തീവ്രവലതുപക്ഷ പാർട്ടി ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ചലനങ്ങൾ ചെറുതല്ല. അനധികൃത കുടിയേറ്റവും മൈഗ്രന്റ് കമ്മ്യൂണിറ്റികളുടെ പലമേഖലകളിലെയും ആധിപത്യവും കണ്ടുമടുത്തവർ കൂട്ടത്തോടെ റിഫോം യുകെയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്ന കാഴ്ചയാണ് പലയിടത്തും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 14 ശതമാനം വോട്ട് ഷെയറാണ് റിഫോം യുകെയ്ക്ക് രാജ്യത്തൊട്ടാകെ ലഭിച്ചത്. ക്ലാക്ടണിൽ നിന്നും വിജയിച്ച പാർട്ടി നേതാവ് നൈജൽ ഫെറാജ് ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് അവർക്ക് ഇപ്പോൾ പാർലമെന്റിൽ ഉള്ളത്. എംപിമാരുടെ അംഗബലം കുറവാണെങ്കിലും ഏകദേശം നൂറോളം സീറ്റുകളിൽ കൺസർവേറ്റിവ് സ്ഥാനാർഥികളുടെ പരാജയം നിശ്ചയിച്ചത് റിഫോം-യുകെ പാർട്ടി സ്ഥാനാർഥികളുടെ സാന്നിധ്യമായിരുന്നു. കൺസർവേറ്റിവിന് ലഭിച്ചിരുന്ന പരമ്പരാഗത വലതുപക്ഷ വോട്ടുകൾ ഇവർ പിടിച്ചുമാറ്റിയതോടെ ലേബർ സ്ഥാനാർഥികൾക്ക് പലയിടത്തും വിജയം എളുപ്പമായി.

മലയാളിയായ സോജൻ ജോസഫ് വിജയിച്ച ആഷ്ഫോർഡ് മണ്ഡലം തന്നെ ഇതിന് മികച്ച ഉദാഹരണം. പരമ്പരാഗതമായി കൺസർവേറ്റിവിന്റെ കുത്തക മണ്ഡലമായിരുന്നു ആഷ്ഫോർഡ്. പാർട്ടിയുടെ സീനിയർ നേതാവായ ഡാമിയൻ ഗ്രീൻ തുടർച്ചയായി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന മണ്ഡലം. എന്നാൽ റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപർ എന്ന സ്ഥാനാർഥിയുടെ സാന്നിധ്യം എല്ലാ രാഷ്ട്രീയ സമവാക്യങ്ങളും മാറ്റിമറിച്ചു. കൺസർവേറ്റിവിന് സ്ഥിരമായി ലഭിച്ചിരുന്ന 25,000 വോട്ടുകൾ രണ്ടായി പിരിഞ്ഞു. ഡാമിയൻ ഗ്രീന് 13,483 വോട്ടും കെന്നഡി ഹാർപർക്ക് 10,141 വോട്ടും ലഭിച്ചപ്പോൾ 15,262 വോട്ടു ലഭിച്ച സോജൻ വിജയിയായി. റിഫോം യുകെയുടെ അപ്രതീക്ഷിത വളർച്ചയിൽ ഇത്തരത്തിൽ ലേബറിന് രാജ്യത്തൊട്ടാകെ ലഭിച്ചത് എഴുപത് സീറ്റോളമാണ്. 

English Summary:

Reform UK Overtakes Conservative Membership - Nigel Farage Calls it 'Historic', Kemi Badenoch says Numbers are 'Fake'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com