ബ്രിട്ടനിൽ 5 വയസ്സുകാരന്റെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി; കൊലപാതകത്തിന് ശേഷം ആത്മഹത്യാശ്രമം?
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ എസെക്‌സില്‍ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബര്‍ 15ന് സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്സ്റ്റാര്‍ ഡ്രൈവില്‍ വച്ചാണ് അഞ്ചു വയസ്സുകാരനായ ലിങ്കണ്‍ ബട്ടണ്‍ മരിച്ചതെന്ന് എസെക്സ് പൊലീസ് അറിയിച്ചു.
കുട്ടിക്കും അമ്മയ്ക്കും ഗുരുതര പരുക്കേറ്റെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. പക്ഷെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് ഉൾപ്പടെ ഉള്ളവർക്ക് സാധിച്ചില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യവെ ആണ് കുറ്റക്കാരിയായി കണ്ടെത്തിയത്.
സൗത്ത് ഒക്കന്‍ഡണിലെ വിന്‍ഡ്സ്റ്റാര്‍ ഡ്രൈവിലെ ക്ലെയര്‍ ബട്ടണ്‍ (35) എന്ന യുവതിക്കെതിരെ ആണ് കൊലപാതക കുറ്റം ചുമത്തിയതെന്ന് എസെക്സ് പൊലീസ് അറിയിച്ചു. വളരെ സങ്കീര്‍ണമായ ഒരു കേസ് ആണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ അലന്‍ ബ്ലെക്സ്ലി പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യാശ്രമം നടത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. ഓസ്ബോണ്‍ കോ-ഓപ്പറേറ്റീവ് അക്കാദമി ട്രസ്റ്റിന്റെ ഭാഗമായ സൗത്ത് ഒക്കന്‍ഡണിലെ ബോണിഗേറ്റ് പ്രൈമറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ലിങ്കണ്‍.